InternationalLatest

എയർ ഏഷ്യയും എയർ ഇന്ത്യാ എക്സ്പ്രസും ലയിക്കുന്നു

“Manju”

ദുബായ് ; എയർ ഇന്ത്യ എക്സ്പ്രസ് മാറ്റത്തിന്റെ പുതിയ മാർഗരേഖ അവതരിപ്പിച്ചു. ആഭ്യന്തര വിമാന സർവീസുകൾ നടത്തുന്ന എയർഏഷ്യയ, ഗൾഫിലേക്കും തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കും രാജ്യാന്തര സർവീസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസിൽ ലയിപ്പിക്കുന്നതു വഴി വലിയ വളർച്ചയ്ക്കാണ് വഴിയൊരുങ്ങുന്നതെന്ന് അധികൃതർ അറിയിച്ചു. ഇതിനായുളള മാർഗരേഖ എയർ ഇന്ത്യ എക്സ്പ്രസിന്റെയും എയർഏഷ്യയുടെയും മാനേജിങ് ഡയറക്ടർ അലാക് സിങ് ഇന്നലെ രണ്ട് വിമാനക്കമ്പനികളിലെയും മുഴുവൻ ഉദ്യോഗസ്ഥരുമായും തത്സമയ സംവാദത്തിൽ പങ്കുവച്ചു.

അഞ്ചുവർഷത്തിനുളളിൽ സമഗ്രനവീകരണവും പരിവർത്തനവും ലക്ഷ്യമിട്ട് നേരത്തെ എയർ ഇന്ത്യ അവതരിപ്പിച്ച വിഹാൻ ഡോട്ട് എഐ എന്ന പദ്ധതിയുടെ ഭാഗമായാണ് എയർ ഇന്ത്യ എക്സ്പ്രസ് മാറുന്നത്. പുതിയ സാധ്യതകൾക്ക് വഴിതുറക്കുകയും ഊഷ്മളവും അർഥവത്തുമായ ബന്ധങ്ങൾ സൃഷ്ടിക്കുകയുമാണ് മാർഗരേഖയുടെ അടിസ്ഥാനമെന്ന് മാനേജിങ് ഡയറക്ടർ അലോക് സിങ് പറഞ്ഞു. ദേശങ്ങളെ മാത്രമല്ല ജനങ്ങളെയും സംസ്കാരങ്ങളെയും അവസരങ്ങളെയും പരമ്പരാഗത ഇന്ത്യൻ ആതിഥേയത്വത്തോടെ ബന്ധിപ്പിക്കുന്ന ഒരു വിമാനസർവീസായി മാറുകയാണ് ലക്ഷ്യം.

ഇരു വിമാനക്കമ്പനികളും തമ്മിലുള്ള ലയനത്തിന്റെയും എയർ ഇന്ത്യയുമായുള്ള ശൃംഖലാ സംയോജനത്തിന്റെയും പിൻബലത്തിൽ ആഭ്യന്തര വിപണിയിലും രാജ്യാന്തര മേഖലയിലും സാധ്യതകൾ തേടും. എല്ലാ മേഖലകളിലും മികവുമായി ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട ബ്രാൻഡ് ആയി മാറുമെന്നും അദ്ദേഹം പറഞ്ഞു. എയർ ഇന്ത്യ എക്സ്പ്രസിലേക്കും എയർ ഏഷ്യ ഇന്ത്യയിലേക്കുമുളള ടിക്കറ്റുകൾ യാത്രക്കാർക്ക് സംയോജിത വെബ്സൈറ്റായ airindiaexpress.com വഴി സ്വന്തമാക്കാനുള്ള സംവിധാനം നേരത്തെ അവതരിപ്പിച്ചിരുന്നു. ഇരു കമ്പനികളുടെയും കസ്റ്റമർ കെയർ സേവനങ്ങളും സാമൂഹ്യ മാധ്യമ ഹാൻഡിലുകളും പൊതുവായി മാറിക്കഴിഞ്ഞു.

Related Articles

Back to top button