KeralaLatest

ഇങ്ങനെ ഇപ്പോഴും ഒരു ഗ്രാമം ഉണ്ടോ

“Manju”

 

സമയം ഇപ്പോള്‍ 7 മണി, ആകാശം ഇരുണ്ടു, ആകാശത്ത് നിന്നും സൂര്യപ്രകാശം തെന്നിമാറി വെളിച്ചമകന്നിരിക്കുന്നു. എല്ലായിടവും ഇരുട്ട് മാത്രം.. മണ്‍ചിരാതുകള്‍ പോലും എങ്ങുമില്ല.. ചെറു വെട്ടവുമായി പറക്കുന്ന മിന്നാമിന്നികള്‍ മാത്രം.. നിങ്ങള്‍ അത്താഴം പൂര്‍ത്തിയാക്കി ഇരിക്കുകയാണ്., കൈയില്‍ തോണ്ടി മാറ്റുന്ന ഫോണോ..3G സിഗ്നലോ‍ ഇല്ല; വൈദ്യുതിയുണ്ടെങ്കിലല്ലേ ഇതൊക്കെ കാണൂ.. അതാണ് പറഞ്ഞത് അവിടെ കറണ്ടുമില്ല.. മണ്ണെണ്ണയുമില്ലഎവിടെയും ഇരുട്ടിന്റെ നിശബ്ദതയും അതിനെകീറിമുളയ്ക്കുന്ന ചെറുപ്രാണികളുടെ സംഗീതവും മാത്രം. ഒരു പക്ഷേ, ധ്യാനിക്കുമ്ബോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന വികാരമെന്താണോ അതായിരിക്കും ഈ ഗ്രാമത്തിലെ അവസ്ഥ.

ബദുയ് ലുവാര്‍ എന്നാണ് ആ സ്ഥലത്തിന്റെ പേര്. അവിടം സന്ദര്‍ശിക്കുന്നത് കാലത്തിന്റെ പിന്നിലേയ്ക്കുള്ള ഒരു യാത്ര പോലെ തോന്നും. ഓരോ ഗ്രാമത്തിനും അതിന്റെതായ നിയമങ്ങളും ആചാരങ്ങളും ഉണ്ട്. എന്നാല്‍ ഈ ഗ്രാമത്തിലെ ചില വിചിത്ര നിയമങ്ങളെ കുറിച്ച്‌ നിങ്ങള്‍ അറിഞ്ഞാല്‍ അത്ഭുതപ്പെടുമെന്ന് നൂറുശതമാനം ഉറപ്പാണ്. പ്രാഥമിക വിദ്യാഭ്യാസം പോലും ഏര്‍പ്പെടുത്താത്ത, ഇന്റര്‍നെറ്റ് ഉപയോഗിക്ക പോലും ചെയ്യാത്ത, മുടി പോലും വെട്ടാൻ പാടില്ലാത്ത ഒരു ഗ്രാമം ഉണ്ട്. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ആണ് ഈ ഗ്രാമം ഉള്ളത്.

ദുരന്തങ്ങളെ തടുക്കാൻ പുറംലോകത്തോട് മുഖം തിരിക്കുന്നവര്‍ : ബദൂയി എന്നാണ് ഈ അപരിഷ്കൃത സമൂഹം അറിയപ്പെടുന്നത്. സ്വമേധയാ ഒറ്റപ്പെടലില്‍ കഴിയുന്ന അവര്‍ പുറത്തുനിന്നുള്ളവരെ അകറ്റുന്ന ഒരു രഹസ്യ ഗ്രൂപ്പാണ് ശരിക്കും. വാസ്തവത്തില്‍, ബദുയി ആളുകളെ കുറിച്ച്‌ ആര്‍ക്കും മതിയായ വിവരങ്ങളൊന്നുമില്ല. അവരുടെ ഗ്രാമങ്ങളും ആളുകളും പ്രത്യേകിച്ച്‌ അവരുടെ പുണ്യ ചടങ്ങുകള്‍പോലും പുറത്തുനിന്നുള്ളവര്‍ക്ക് അടുത്തറിയാനുള്ള ഭാഗ്യമില്ല. ദുരന്തം തടയാൻ കര്‍ശനമായ നിയമങ്ങള്‍ പാലിക്കേണ്ട ഭൂമിയിലെ ആദ്യത്തെ ആളുകളാണ് തങ്ങളെന്ന് ബദുയി ആളുകള്‍ വിശ്വസിക്കുന്നു. ബദുയി ആളുകള്‍ പ്രകൃതിയോട് വളരെ സെൻസിറ്റീവ് ആയിട്ടുള്ളവരാണ്. പരിസ്ഥിതിക്കു തടസമാകുന്നതൊന്നും അവര്‍ ചെയ്യില്ല. അതിനാലാണ് ഇന്ന് ആധുനിക ലോകം കൈകാര്യം ചെയ്യുന്ന ഒന്നുംതന്നെ അവര്‍ അവരുടെ ജീവിതത്തിന്റെ ഭാഗമാക്കാത്തത്.

സ്കൂള്‍ വിദ്യാഭ്യാസം, ഗ്ലാസ്, മദ്യം, പാദരക്ഷകള്‍, വെള്ളത്തിന്റെ ഗതി തിരിച്ചുവിടല്‍, നാല് കാലുകളുള്ള മൃഗങ്ങളെ വളര്‍ത്തല്‍ എന്നിവ ബദുയികള്‍ക്ക് വിലക്കപ്പെട്ട കാര്യങ്ങളുടെ നീണ്ട പട്ടികയില്‍ ചിലതു മാത്രം. കൊല്ലുക, മോഷ്ടിക്കുക, കള്ളം പറയുക, വ്യഭിചാരം ചെയ്യുക, മദ്യപിക്കുക, രാത്രി ഭക്ഷണം കഴിക്കുക, ഏതെങ്കിലും തരത്തിലുള്ള വാഹനം സ്വന്തമാക്കുക, പുഷ്പങ്ങളോ സുഗന്ധദ്രവ്യങ്ങളോ ഉപയോഗിക്കുക സ്വര്‍ണ്ണമോ വെള്ളിയോ ധരിക്കുകയോ സ്വീകരിക്കുകയോ ചെയ്യുക, പണം ഉപയോഗിക്കുക, മുടി വെട്ടുക എന്നിവയും ഈ സമൂഹത്തിന് നിഷിദ്ധമാണ്. മണ്ണൊലിപ്പ് തടയാൻ സഹായിക്കുന്ന ലോഹ ചൂളകള്‍ പോലും ഉപയോഗിക്കാൻ പാടില്ലത്രേ. വീടുകള്‍ ഒക്കെ ഇന്നും ഓല മേഞ്ഞതും കൈകൊണ്ട് നിര്‍മ്മിച്ചവയുമാണ്.

ജക്കാര്‍ത്തയ്ക്ക് പുറത്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ എത്തിച്ചേരാവുന്ന ബാന്റൻ പ്രവിശ്യയില്‍ താമസിക്കുന്ന ഒരു പരമ്ബരാഗത സുന്ദനീസ് വംശീയ വിഭാഗമാണ് ബദുയ്. ബദുയികളെ രണ്ട് വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ആദ്യത്തേത് ബദുയ് ലുവാര്‍ എന്നറിയപ്പെടുന്ന പ്രദേശത്ത് താമസിക്കുന്ന കമ്മ്യൂണിറ്റികളാണ്. ബദുയ് ലുവാറിന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന 22 ഗ്രാമങ്ങളുണ്ട്. ബദുയ് ദലം എന്നറിയപ്പെടുന്ന പ്രദേശത്ത് താമസിക്കുന്ന 40 കുടുംബങ്ങള്‍ക്ക് പുറംലോകത്തു നിന്നും സംരക്ഷണമേകുന്നത് ബദുയ് ലുവാര്‍ രൂപീകരിക്കുന്ന കമ്മ്യൂണിറ്റികളാണ്.

ജക്കാര്‍ത്തയില്‍ താമസിക്കുന്ന ആളുകള്‍ക്ക് ഒരു വാരാന്ത്യ ഗേറ്റ്‌വേ എന്ന നിലയില്‍ ഈ കമ്മ്യൂണിറ്റി വളരെ പ്രസിദ്ധമാണ്, എന്നാല്‍ ഇത് ബീച്ചുകളും കടലും അവധിക്കാല സ്‌നാപ്പ്ഷോട്ടുകളും ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതല്ല. ഫോട്ടോ എടുക്കുന്നത് നിഷിദ്ധമാണെന്നും ആധുനിക സാങ്കേതിക വിദ്യയുമായി യാതൊരു ബന്ധവുമില്ലെന്നും ബദുയ് ദലം ആളുകള്‍ കരുതുന്നു. സന്ദര്‍ശകര്‍ക്ക് ബദുയ് ദലത്തില്‍ രാത്രി തങ്ങുന്നത് മുമ്ബ് നിരോധിച്ചിരുന്നു, എന്നാല്‍ ഇപ്പോള്‍ ചില ദിവസങ്ങളില്‍ അത് സാധ്യമാണ്. ബദുയ് ദലം സിബിയോ, സികെര്‍തവാന, സിക്യുസിക് എന്നീ മൂന്ന് ഗ്രാമങ്ങളായി വിഭജിച്ചിരിക്കുന്നു. ഈ ഗ്രാമങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് പുറം ലോകവുമായി പരിമിതമായ സമ്ബര്‍ക്കം മാത്രമേ ഉള്ളൂ, ആധുനിക സാങ്കേതികവിദ്യകളൊന്നും ഇവര്‍ ഉപയോഗിക്കുന്നില്ല. നാട്ടിൻപുറങ്ങളിലൂടെയുള്ള ചെളി നിറഞ്ഞ പാതകളിലൂടെ മണിക്കൂറുകളോളം ട്രെക്കിങ് മാത്രമാണ് ഈ ഗ്രാമങ്ങളിലെത്താനുള്ള ഏക മാര്‍ഗം.

ബദുയി സെറ്റില്‍മെന്റിനെ ചുറ്റിപ്പറ്റിയുള്ള സമ്ബന്നമായ പ്രകൃതി അര്‍ത്ഥമാക്കുന്നത് ബദുയി ആളുകള്‍ക്ക് അവരുടെ സ്വന്തം വസ്ത്രങ്ങള്‍ നിര്‍മ്മിക്കാൻ കഴിയും എന്നാണ്. സ്കാര്‍ഫുകള്‍, വളകള്‍, സന്ദര്‍ശകര്‍ക്കുള്ള തുണിത്തരങ്ങള്‍ എന്നിവയും ചില കരകൗശല വസ്തുക്കളും അവര്‍ വില്‍ക്കുന്നുണ്ട്. വീട്ടിലുണ്ടാക്കുന്ന തേൻ പോലെയുള്ള ഭക്ഷണവും അവര്‍ അവിടെയെത്തുന്നവര്‍ക്കായി വില്‍ക്കുന്നു. യഥാര്‍ത്ഥ വിശ്രമ സമയം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടെ വരാം, ആധുനിക സാങ്കേതികവിദ്യയില്‍ നിന്നും മനുഷ്യനിര്‍മിത വസ്തുക്കളില്‍ നിന്നും മാറി സ്വസ്ഥമായി കഴിയാൻ പറ്റിയ സ്ഥലം. ബദുയിയിലെ ചില മതപരമായ വ്യക്തികള്‍ക്ക് അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അവര്‍ക്ക് മനസ്സ് വായിക്കാനും ഭാവി പ്രവചിക്കാനും ഭാഗ്യത്തെ സ്വാധീനിക്കാനും കഴിയുമെന്നു പറയപ്പെടുന്നു. അവരുടെ പുണ്യസ്ഥലത്ത് നടക്കുന്ന ചടങ്ങുകള്‍ക്കു സാക്ഷ്യം വഹിക്കാൻ പുറത്തുനിന്നുള്ള ആരെയും ഇന്നുവരെ അനുവദിച്ചിട്ടില്ല.

 

Related Articles

Back to top button