
രാജ്യതലസ്ഥാനത്തേക്ക് കണ്ണിമ വെട്ടാതെ ലോകം ഉറ്റു നോക്കുമ്പോള്‍ ജി20-യ്‌ക്ക് ആതിഥേയത്വം വഹിക്കുന്ന ഭാരതത്തില്‍ അങ്ങോളമിങ്ങോളം അതിഥികളെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. നിരവധി കലാകാരന്മാരുടെ സൃഷ്ടികളാണ് അതിഥികള്‍ക്കായി രാജ്യത്തില്‍ കാഴ്ചയൊരുക്കിയിരിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഭാരതത്തിലേക്ക് എത്തികൊണ്ടിരിക്കുന്ന വേളയില്‍ മണലില്‍ 2,000 ചിരാതുകളാല്‍ തീര്‍ത്ത അദ്ദേഹത്തിന്റെ ചിത്രത്തോടെ ഭാരതത്തിലേക്ക് സ്വീകരിച്ചിരിക്കുകയാണ് പ്രമുഖ സാൻഡ് ആര്‍ട്ടിസ്റ്റ് സുദര്‍ശൻ പട്‌നായിക്. സാമൂഹ മാദ്ധ്യമമായ എക്‌സിലൂടെ പങ്കുവെച്ച ചിത്രത്തിന് നിമിഷ നേരംകൊണ്ട് മികച്ച പ്രതികരണങ്ങളാണ് നേടാൻ സാധിച്ചത്. ‘വെല്‍ക്കം ടു ഭാരത്‘ എന്ന വാക്കുകളും ചിരാതുകള്‍ കൊണ്ട് തീര്‍ത്തിരിക്കുന്നത് നമുക്ക് കാണാം. ഇതിനുപുറമെ മണലില്‍ തീര്‍ത്ത ജോ ബൈഡന്റെ ചിത്രവും അതിനു പിന്നിലായി ചിരാതുകള്‍ അടുക്കിവെച്ച് അമേരിക്കൻ പതാകയുടെ നിര്‍മിതിയും കാണാം.
ഇതിനുപുറമെ മറ്റൊരു കലാകാരൻ ജോ ബൈഡന്റെ ചുമര്‍ ചിത്രം വരച്ചതും വളരെ പെട്ടന്നാണ് വൈറലായത്. ഭാരതം ലോക നേതാക്കളെ സ്വീകരിക്കാൻ കാത്തിരിക്കുന്നതിന്റെ ഉത്തമ പ്രതീകങ്ങളായി ഈ ചിത്രങ്ങളെ വിലയിരുത്താം..