InternationalLatest

ഡെര്‍നയെ വിഴുങ്ങി കൂറ്റന്‍ തിരമാലകള്‍..

മരണസംഖ്യ 5,300 കടന്നു, 40,000 പേരെ കാണാനില്ല

“Manju”

Rescuers recover over 2,000 bodies after floods devastate eastern Libya  Rescuers have found more tha - Samakalika Malayalam

ലിബിയയില്‍ കനത്ത മഴയെ തുടര്‍ന്ന് ഡാമുകള്‍ തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരണസംഖ്യ 5,300 ആയതായി കിഴക്കന്‍ ലിബിയന്‍ ആഭ്യന്തരമന്ത്രി മുഹമ്മദ് അബു ലമൗഷ. ഞായറാഴ്ച രാത്രിയാണ് കൊടുങ്കാറ്റ് ലിബിയന്‍ തീരത്ത് കരതൊട്ടത്. ഇതിന് മുന്‍പ് തന്നെ ആരംഭിച്ച മഴ ഇതോടെ കൂടുതല്‍ ശക്തമായി. അര്‍ധരാത്രിയോടെ, ഡെര്‍ന നഗരത്തിന് സമീപത്തെ മലകളില്‍ നിര്‍മ്മിച്ച രണ്ട് ഡാമുകള്‍ തകര്‍ന്നു. കുതിച്ചെത്തിയ വെള്ളം നഗരത്തിന്റെ വലിയൊരു ഭാഗത്തെ കടലിലേക്ക് ഒഴുക്കിക്കൊണ്ടുപോയി. 40,000 പേരെ കാണാതായി എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഡാനിയേല്‍ കൊടുങ്കാറ്റിനെ തുടര്‍ന്നാണ് ലിബിയയില്‍ വെള്ളപ്പൊക്കമുണ്ടായത്.

കണ്ടെത്തിയ മൃതദേഹങ്ങള്‍, കൂട്ടമായി സംസ്‌കരിക്കുകയാണ്. ആരെങ്കിലും ജീവനോടെയുണ്ടോ എന്നറിയാന്‍ രക്ഷാപ്രവര്‍ത്തകര്‍ രാവും പകലും അധ്വാനിക്കുകയാണെന്ന് കിഴക്കന്‍ ലിബിയ ആരോഗ്യമന്ത്രി ഒത്മാന്‍ അബ്ദുള്‍ ജലീല്‍ പറഞ്ഞു. റോഡുകള്‍ പൂര്‍ണമായി തകര്‍ന്ന സാഹചര്യമായതിനാല്‍ രക്ഷാ സംഘങ്ങള്‍ക്ക് നഗരത്തിലേക്ക് എത്തിച്ചേരുന്നത് പ്രയാസമാണ്.
മലമുകളില്‍ നിന്നുവന്ന വെള്ളത്തിന് പുറമേ, കടലാക്രമണവും ഡെര്‍ന നഗരത്തെ തകര്‍ത്തു. ഏഴ് മീറ്ററോളം ഉയരത്തിലാണ് തിരമാലകള്‍ തീരത്തേക്ക് അടിച്ചു കയറിയതെന്ന് റെഡ് ക്രോസ് അംഗങ്ങള്‍ വ്യക്തമാക്കി. വെള്ളത്തില്‍ ഒഴുകി നടക്കുന്ന മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിക്കാന്‍ ബോട്ടുകളും ഹെലികോപ്റ്ററുകളുമാണ് ഉപയോഗിക്കുന്നത്.


ആഭ്യന്തര കലാപത്തിന്റെ കെടുതി തുടരുന്ന രാജ്യത്തില്‍, പ്രകൃതി ദുരന്തം കൂടി സംഭവിച്ചതോടെ ജനങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലായി. ലിബിയയെ രണ്ടായി മുറിച്ചാണ് നിലവില്‍ ഭരണം നടക്കുന്നത്.സൈനിക കമാന്‍ഡര്‍ ഖലീഫ് ഹിഫ്താറിന്റെ നിയന്ത്രണത്തിലാണ് കിഴക്കന്‍ ലിബിയന്‍ നഗരമായ ഡെര്‍ന സ്ഥിതിചെയ്യുന്നത്. ട്രിപ്പോളി അടക്കമുള്ള പടിഞ്ഞാറന്‍ ലിബിയന്‍ നഗരങ്ങള്‍ മറ്റൊരു സായുധ ഗ്രൂപ്പിന് കീഴിലാണ്. 42 വര്‍ഷം ലിബിയ ഭരിച്ച മുവമ്മര്‍ ഗദ്ദാഫിലെ 2011ല്‍ നാറ്റോയുടെ സഹായത്തോടെ വിമതര്‍ വധിച്ചതോടെയാണ് ലിബിയ ആഭ്യന്തര കലാപത്തിലേക്ക് നീങ്ങിയത്.
ദുരിതാശ്വാസ സംഘടനകള്‍ക്ക് അടിയന്തരമായി ധനസഹായം നല്‍കുമെന്നും യുഎന്നുമായി ചേര്‍ന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. ദുരന്തത്തില്‍ 22 ഈജിപ്തുകാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചതായും ഈജിപ്ത് അറിയിച്ചു.
‘ദുരത്തില്‍ തകരാതെ ബാക്കിയായ ചുരുക്കം ചില ആശുപത്രി കെട്ടിടങ്ങള്‍ക്ക് മുന്നില്‍ മൃതേദങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ്. നിരവധി കുടുംബങ്ങളാണ് കടലിലേക്ക് ഒലിച്ചുപോയത്. പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത ദുരിതമാണ് സംഭവിച്ചത്’ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട അഹബമ്മദ് അബ്ദുള്ള എന്നയാള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
നഗരത്തിന് 250 കിലോമീറ്റര്‍ അകലയെലുള്ള ബെന്‍ഗാസിയില്‍ നിന്നാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അന്താരാഷ്ട്ര സഹായങ്ങള്‍ ഈ നഗരത്തിലേക്കാണ് എത്തുന്നത്. ഈജിപ്ത്, അല്‍ജീരിയ, ടുനീഷ്യ, തുര്‍ക്കി, യുഎഇ എന്നീ രാജ്യങ്ങള്‍ ഇതിനോടകം തന്നെ രക്ഷാ സഹായങ്ങള്‍ എത്തിച്ചിട്ടുണ്ട്.

Related Articles

Back to top button