കോഴിക്കോട്: ഇടതുമുന്നണി വിടാന്‍ എന്‍ സി പി ദേശീയ നേതൃത്വം തീരുമാനിച്ചാല്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് ഇടതുമുന്നണിയില്‍ തുടരാന്‍ എ കെ ശശീന്ദ്രന്റെ തീരുമാനം. മാണി സി കാപ്പന് സംസ്ഥാന നേതൃയോഗം വിളിച്ച് ആലോചിക്കാതെ ഏകപക്ഷീമായി നീങ്ങിയെന്നാണ് ശശീന്ദ്രന് വിഭാഗത്തിന്റെ ആരോപണം. കോണ്‍ഗ്രസ് എസില്‍ ലയിക്കുന്നത് പുതിയ പാര്‍ട്ടി രൂപീകരണത്തിന് ശേഷം മതിയെന്നാണ് ശശീന്ദ്രന് വിഭാഗത്തിന്റെ പൊതുധാരണ.
താന്‍ മുന്നണിക്കൊപ്പം നില്‍ക്കുമെന്ന് സി പി എമ്മിന് ശശീന്ദ്രന് ഉറപ്പ് നല്‍കിയിട്ടുണ്ട്. മന്ത്രിസ്ഥാനം ശശീന്ദ്രന് വിട്ടുനല്‍കാത്തതാണ് കാപ്പനെ ആദ്യം ചൊടിപ്പിച്ചത്. സ്വന്തം മണ്ഡലത്തിന് വേണ്ടി കടുത്ത തീരുമാനം എടുക്കുമെന്ന് കാപ്പന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന നേതൃയോഗം വിളിച്ചുകൂട്ടി ആലോചിക്കാതെയാണ് കാപ്പന്റെ തീരുമാനങ്ങളെന്ന് ശശീന്ദ്രന് വിഭാഗം ആരോപിക്കുന്നു.
എന്‍ സി പി പാര്‍ട്ടിയായി തന്നെ മുന്നണി വിടുമോ കാപ്പന് ഒറ്റയ്ക്ക് പുറത്തേക്ക് പോകുമോ എന്നതാണ് ശശീന്ദ്രന് നോക്കുന്നത്. മാണി സി കാപ്പന് ഒറ്റയ്ക്ക് പോയാല്‍ പ്രതിസന്ധിയില്ല. എന്നാല്‍ എന്‍ സി പിയായി ശശീന്ദ്രന് മുന്നണിയില്‍ തുടരാം. അതേസമയം, എന്‍ സി പി മുന്നണി വിട്ടാല്‍ ശശീന്ദ്രന് പുതിയ പാര്‍ട്ടി രൂപീകരിക്കും. കോണ്‍ഗ്രസ് എസില്‍ ലയിക്കണം എന്നാണ് സി പി എം മുന്നോട്ട് വച്ചിരിക്കുന്ന നിര്‍ദേശം. എന്നാല്‍ ഉടനടി ലയിക്കാനാവില്ലെന്നും ജില്ലാകമ്മിറ്റികളുമായി ആലോചിച്ച് ലയിക്കാമെന്നുമാണ് ശശീന്ദ്രന് പക്ഷത്തിന്റെ നിലപാട്.