IndiaKeralaLatest

വൈക്കം സത്യാഗ്രഹം നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായം – മന്ത്രി വി.എന്‍ വാസവന്‍

വൈക്കം സത്യാഗ്രഹം കേരള നവോത്ഥാനത്തിന് ഈടുറ്റ സംഭാവന നല്‍കി - സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”
ഡല്‍ഹി വൈക്കം സംഗമം സംഘടിപ്പിച്ച വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തില്‍ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി സംസാരിക്കുന്നു.

ന്യൂഡല്‍ഹി : കേരള നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ് വൈക്കം സത്യാഗ്രഹമെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ഡല്‍ഹി വൈക്കം സംഗമം സംഘടിപ്പിച്ച വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എണ്ണിയാലൊടുങ്ങാത്ത നവോത്ഥാന നായകര്‍ ചേര്‍ന്ന് ഉഴുതുമറിച്ച മണ്ണിലാണ് ഇന്നു നമ്മള്‍ സഞ്ചാര സ്വാതന്ത്ര്യം ആസ്വദിച്ച് അനുഭവിക്കുന്നത്. മഹാകവി കുമാരനാശാന്റെ ദുരവസ്ഥയും, ചണ്ഡാല ഭിക്ഷുകിയും ഉള്‍പ്പെടെയുള്ള കൃതികളും വൈക്കം സത്യാഗ്രഹത്തിനു പ്രേരണ ആയിട്ടുണ്ടെന്നുവേണം കരുതാന്‍. ചിറ്റേടത്ത് ശങ്കുപ്പിള്ള ഉള്‍പ്പെടെയുള്ള രക്തസാക്ഷികളെയും, സവര്‍ണ്ണ ആധിപത്യം കണ്ണില്‍ ചുണ്ണാമ്പ് എഴുതി അന്ധനാക്കിയ ആമയാടി തേവനേയും മന്ത്രി അനുസ്മരിച്ചു. കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകയില്‍ നിന്നുള്ള വരികളും, വയലാര്‍ രാമവര്‍മ്മയുടെയും ഒ.എന്‍.വി.യുടെയും കവിതകളും ആലപിച്ചാണ് മന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

കേരളത്തിന്റെ നവോത്ഥാന വഴിയില്‍ ഈടുറ്റ സംഭാവന ചെയ്ത ചരിത്രമാണ് വൈക്കം സത്യാഗ്രഹത്തിന്റേതെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു. സാധാരണക്കാരായ ആളുകള്‍ക്ക് ഈശ്വരാരാധനയ്ക്ക് അവസരം നല്‍കുവാന്‍ ഈ സത്യാഗ്രഹത്തിന് കഴിഞ്ഞു. ഇന്ന് നാം അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യത്തിന് കടപ്പെട്ടിരിക്കുന്നത് ഇവരുള്‍പ്പെടെയുള്ള ധീരസമരനായകരോടാണ്. വൈക്കം സത്യാഗ്രഹവേദി ചരിത്രപുരുഷന്മാരുടെ സംഗമവേദിയായി മാറിയെന്നും സ്വാമി അനുസ്മരിച്ചു.

കേരളത്തിന്റെ വിപ്ലവ ചരിത്രത്തിലെ വഴിത്തിരിവായിരുന്നു വൈക്കം സത്യാഗ്രഹമെന്നു മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസും വൈക്കം സംഗമത്തിന്റെ രക്ഷാധികാരിയുമായ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ പറഞ്ഞു. ഇന്നും രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ പലതരത്തിലുള്ള സാമൂഹിക അസമത്വം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യനുവേണ്ടി നടന്ന മനുഷ്യത്വത്തിന്റെ തുടരുന്ന കഥയാണ് വൈക്കം സത്യാഗ്രഹമെന്ന് പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു.

വൈക്കം സത്യാഗ്രഹത്തിന്റെ ദൃശ്യാവിഷ്ക്കാരം വേദിയില്‍ അവതരിപ്പിച്ചു. കലാഭവന്‍ പ്രജിത്തിന്റെ നേതൃത്വത്തില്‍ അജിത് മണിയന്‍ സംവിധാനം ചെയ്ത് ഡല്‍ഹിയിലെ വിവിധ മലയാളി കൂട്ടായ്മകളിലെ കലാകാരന്മാര്‍ ചരിത്രപുരുഷന്മാരുടെ വേഷത്തില്‍ അണിനിരന്ന് അവതരിപ്പിച്ചതാണ് ദൃശ്യാവിഷ്ക്കാരം. തുടര്‍ന്ന് വൈക്കം വിജയലക്ഷമിയുടെ ഗാനസന്ധ്യയും സ്നേഹവിരുന്നും ഉണ്ടായിരുന്നു.

ഡല്‍ഹി വൈക്കം സംഗമം ജനറല്‍ സെക്രട്ടറി റ്റി.. തോമസ് സ്വാഗതം ആശംസിച്ച യോഗത്തില്‍ പ്രസിഡന്റ് അജികുമാര്‍ മേടയില്‍ അദ്ധ്യക്ഷനായിരുന്നു. പാര്‍ലമെന്റ് മെമ്പര്‍ ബിനോയ് വിശ്വം, വൈക്കം സംഗമം രക്ഷാധികാരി കെ.ആര്‍. മനോജ്, എന്‍.എസ്.എസ്. ഡല്‍ഹി അദ്ധ്യക്ഷന്‍ എം.കെ.ജി. പിള്ള, ഡല്‍ഹി എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ് ടി.എസ്. അനില്‍കുമാര്‍, പ്രവാസി പുലയര്‍ വെല്‍ഫയര്‍ സമിതി സെക്രട്ടറി കെ.രാജന്‍, ഫ്രീലാന്‍സ് ജേണലിസ്റ്റും, എഴുത്തുകാരനുമായ സാംജി. ടിവി പുരം എന്നിവര്‍ ആശംസയര്‍പ്പിച്ചു. വൈക്കം സത്യാഗ്രഹം നൂറാം വാര്‍ഷിക കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സുരേഷ് നായര്‍ നന്ദി രേഖപ്പെടുത്തി.

 

 

Related Articles

Back to top button