KeralaLatest

കുട്ടികളെ തമ്മില്‍ താരതമ്യം ചെയ്യരുത്, സ്‌കൂളുകളില്‍‌ വെല്‍നസ് ടീം വേണം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയം

“Manju”

ന്യൂഡല്‍ഹി: പരീക്ഷയില്‍ പ്രതീക്ഷിച്ച റിസള്‍ട്ട് കിട്ടാത്തതും എൻട്രൻസ് പരീക്ഷയിലെ പരാജയവുമടക്കം പഠനകാലത്ത് കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കുന്ന കാര്യങ്ങള്‍ നിരവധിയാണ്. പ്രതീക്ഷിച്ച കോഴ്‌സിന് അഡ്മിഷൻ ലഭിക്കാത്തതും കൂട്ടുകാര്‍ക്കെല്ലാം മികച്ച മാര്‍ക്കുകള്‍ ലഭിക്കുന്നതുമടക്കം നിരാശ വര്‍ദ്ധിപ്പിച്ചേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതീക്ഷയറ്റ് ചിലപ്പോള്‍ സ്വന്തം ജീവനെടുക്കാൻ പോലും അവര്‍ മുതിര്‍ന്നേക്കാം. ഇത്തരം സാഹചര്യങ്ങളില്‍ വിദ്യാര്‍ത്ഥികളോട് സഹായവും സഹാനുഭൂതിയും പ്രകടിപ്പിക്കേണ്ടത് എങ്ങനെയാണെന്നത് സംബന്ധിച്ച്‌ കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രാലയം.
യുഎംഇഇഡി (UMMEED – Understand, Motivate, Manage, Empathize, Empower, and Develop), കുട്ടികളെ മനസ്സിലാക്കുക, പ്രചോദിപ്പിക്കുക, അവരെ എങ്ങനെ കൈകാര്യം ചെയ്യണം, സഹാനുഭൂതി പ്രകടിപ്പിക്കേണ്ടത് എങ്ങനെ തുടങ്ങിയ കാര്യങ്ങളാണ് മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ പറയുന്നത്. വിദ്യാര്‍ത്ഥികളെ ശാക്തീകരിക്കാനും അവരുടെ വളര്‍ച്ചയ്ക്കും വേണ്ട അനുകൂല സാഹചര്യങ്ങള്‍ ഒരുക്കുക എന്നതുമാണ് UMMEED കൊണ്ടുദ്ദേശിക്കുന്നത്. സ്‌കൂളുകളില്‍ ഒരു വെല്‍നസ് ടീം (എസ് ഡബ്ലൂ ടി) ആരംഭിക്കേണ്ടതിനെക്കുറിച്ചും മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്. സ്വയം അപകടത്തിലാക്കുമെന്ന സൂചനകള്‍ പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്താനും അവര്‍ക്ക് ഉടനടി സഹായം ഉറപ്പാക്കാനും വേണ്ടിയാണ് വെല്‍നസ് ടീം.
ആത്മഹത്യ തടയാനും ആത്മഹത്യാ പ്രവണതകള്‍ മൂലം അപമാനം തോന്നുന്നത് കുറയ്ക്കാനുമൊക്കെ കുട്ടികള്‍ക്ക് ശക്തമായ പിന്തുണ ആവശ്യമാണ്. ഇതിനായി മികച്ച സാമൂഹിക പിന്തുണ ഉറപ്പാക്കാൻ സ്കൂളുകള്‍, രക്ഷിതാക്കള്‍, സമൂഹം എന്നിവര്‍ക്കിടയില്‍ ശക്തമായ ബന്ധം വേണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. കുട്ടികളെ പരസ്പരം താരതമ്യപ്പെടുത്തുന്നതും പരാജയങ്ങള്‍ എന്നും നിലനില്‍ക്കുന്നവയാണെന്ന തരത്തിലുള്ള വിധിയെഴുത്തലുകളും പഠനമികവിനെ മാത്രം മുൻനിര്‍ത്തി വിജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്നതുമെല്ലാം അവസാനിപ്പിക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. അതോടൊപ്പം ഒഴിഞ്ഞ ക്ലാസ്മുറികളില്‍ സുരക്ഷ ശക്തമാക്കുക, ഇരുട്ടുനിറഞ്ഞ വരാന്തകളില്‍ വെളിച്ചം എത്തിക്കുക, നല്ല പൂന്തോട്ടം ഒരുക്കുക തുടങ്ങിയ ചില പ്രായോഗിക കാര്യങ്ങളെക്കുറിച്ചും മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്.

Related Articles

Back to top button