IndiaLatest

നാളെ മുതല്‍ പ്ലാസ്റ്റിക് നിരോധനം

“Manju”

തിരുവനന്തപുരം: ജൂലൈ ഒന്ന് മുതല്‍ രാജ്യത്തെമ്പാടും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനം കര്‍ശനമായി നടപ്പാക്കുകയാണ്. ദേശീയ തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 2022 ജൂലൈ മുതലാണ് ഒറ്റത്തവണ പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളുടെ നിരോധനം നടപ്പിലാക്കുന്നതെങ്കില്‍ സംസ്ഥാനത്ത് 2020 ജനുവരി ഒന്ന് മുതല്‍ നിരോധനം നടപ്പിലാക്കിയിരുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പടെ 15 വിഭാഗത്തിലുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗമാണ് രണ്ടര വര്‍ഷം മുമ്പ്കേരളം നിരോധിച്ചത്.
കേരളത്തില്‍ നിരോധിച്ച 15 വസ്തുക്കള്‍ക്ക് പുറമെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പട്ടികയില്‍ ഉള്‍പെട്ട ആറ് വിഭാഗത്തിലുള്ള പ്ലാസ്റ്റിക്ക് വസ്തുക്കള്‍ കൂടിയാണ് വെള്ളിയാഴ്ച മുതല്‍ നിരോധനമേര്‍പ്പെടുത്തുന്നവയില്‍ ഉള്‍പ്പെടുന്നത്.
കോവിഡ് വ്യാപനവും രാജ്യവ്യാപക ലോക്ക് ഡൗണുമൊക്കെ നിലവില്‍ വന്നതോടെ പ്ലാസ്റ്റിക് ഉപയോഗ നിരോധനം പ്രാബല്യത്തില്‍ വരുത്തുന്നതിന് പലവിധത്തിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടായി. അതോടെ സംസ്ഥാനത്തെ പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച്‌ കര്‍ശന നടപടികളില്‍ അയവ് വന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച്‌ മാത്രമേ ആഹാര സാധനങ്ങളുള്‍പ്പടെ വിതരണം ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്ന അവസ്ഥയുണ്ടായപ്പോള്‍ നിരോധനം നടപ്പിലാക്കുന്നതില്‍ അയവുണ്ടായി. എന്നാല്‍, ഈ കാര്യത്തില്‍ വീണ്ടും പഴയതുപോലെ നിയന്ത്രണം കര്‍ശനമാക്കുകയാണെന്ന് ഹരിത കേരളാ മിഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇനി മുതല്‍ പരിശോധന കര്‍ശനമാക്കുമെന്നും നിരോധനം ലംഘിക്കുന്നവരില്‍ നിന്നും ഹരിത ചട്ടപ്രകാരമുള്ള പിഴ ഈടാക്കുമെന്നും വ്യക്തമാക്കിയിരിന്നു.
കേന്ദ്ര മലീകരണ നിയന്ത്രണ ബോര്‍ഡ് 75 മൈക്രോണിന് മുകളിലുള്ള ക്യാരി ബാഗുകള്‍ 2022 ഡിസംബര്‍ വരെ ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍, സംസ്ഥാനത്ത് 2020 ലെ ഉത്തരവില്‍ വ്യക്തമാക്കിയതനുസരിച്ച്‌ എല്ലാത്തരം ക്യാരി ബാഗുകള്‍ക്കുള്ള നിരോധനം ബാധകമായിരിക്കും.
സംസ്ഥാനത്ത് 2000 ജനുവരി മുതല്‍ നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍:
1)പ്ലാസ്റ്റിക് ഗാര്‍ബേജ് ബാഗുകള്‍, 2) നോണ്‍ വുവണ്‍ ബാഗുകള്‍ (നൂറ് ശതമാനം പോളിപ്രൊപൊലിന്‍ ആയവ ആയതിനാല്‍ പുനരുപയോഗത്തിന് സാധിക്കില്ല), 3) പ്ലാസ്റ്റിക് കൊടികള്‍, 4)പ്ലാസ്റ്റിക് ബണ്ടിങ്ങ്, 5) 500 എം എല്ലിന് താഴെയുള്ള കുടിവെള്ള പെറ്റ് ബോട്ടിലുകള്‍, 6)എല്ലാ കനത്തിലുമുള്ള ക്യാരി ബാഗുകള്‍, 7) പ്ലാസ്റ്റിക്ക് കോട്ടിങ്ങ് ഉള്ള പേപ്പര്‍ കപ്പുകള്‍, പേപ്പര്‍ പ്ലേറ്റുകള്‍, പേപ്പര്‍ ബൗളുകള്‍, പേപ്പര്‍ ബാഗുകള്‍, 8)പ്ലാസ്റ്റിക്/ പ്ലാസ്റ്റിക് കോട്ടിങ്ങുള്ള ഇല കൊണ്ടുള്ള പ്ലേറ്റുകള്‍, 9)വഴിയോരങ്ങളിലും കടകളിലും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് പായ്ക്കറ്റുകള്‍, 10) പ്ലാസ്റ്റിക്ക് തൈ ബാഗുകള്‍, 11)പ്ലാസ്റ്റിക്ക് ഷീറ്റുകള്‍ (മേശവിരി- ആഘോഷവുമായി ബന്ധപെട്ട ചടങ്ങുകളില്‍ മേശകളില്‍ വിരിക്കുന്ന പേപ്പര്‍ പോലെ വിലകുറഞ്ഞ പ്ലാസ്റ്റിക് ഷീറ്റ്), 12) പ്ലാസ്റ്റിക് കുടിവെള്ള പൗച്ചുകള്‍, ബ്രാന്‍ഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പായ്ക്കറ്റുകള്‍, 13) തെര്‍മോക്കോള്‍, സ്ലൈറോഫോം എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന പ്ലേറ്റുകള്‍, കപ്പുകള്‍, അലങ്കാര വസ്തുക്കള്‍, 14) പി വി സി ഫ്ലക്സ് മെറ്റീരിയലുകള്‍, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള പോളിസ്റ്റര്‍, നൈലോണ്‍, കൊറിയന്‍ തുണികള്‍, 15) ഒറ്റത്തവണ ഉപഭോഗമുള്ള പ്ലാസ്റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍, സ്പൂണ്‍, ഫോര്‍ക്കുകള്‍, സ്ട്രോകള്‍, ഡിപ്പുകള്‍, സ്റ്റിറര്‍.
കേരളത്തില്‍ നിരോധിച്ചതിന് പുറമെ കേന്ദ്രം നിരോധിച്ചവ:
1) മിഠായി കോലുകള്‍, 2) ഇയര്‍ബഡുകള്‍, 3)ഐസ്ക്രീം സ്റ്റിക്കുകള്‍, 4) ബലൂണില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പിടികള്‍, 5) മധുരങ്ങള്‍ പൊതിയുന്ന പ്ലാസ്റ്റിക് 6) ക്ഷണക്കത്ത്, സിഗരറ്റ് എന്നിവപൊതിയുന്ന പ്ലാസ്റ്റിക്.
2021 സെപ്റ്റംബര്‍ 30 മുതല്‍ എഴുപത്തിയഞ്ച് മൈക്രോണില്‍ താഴെ കനം ഉള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെയും 2022 ഡിസംബര്‍ 31 മുതല്‍ 120 മൈക്രോണില്‍ താഴെയുള്ള ക്യാരി ബാഗുകളുടെയും നിര്‍മ്മാണം, ഇറക്കുമതി, സംഭരണം, വിതരണം, വില്‍പ്പന, ഉപയോഗം എന്നിവ 2021-ലെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഭേദഗതി നിയമം വഴി കേന്ദ്രം നിരോധിച്ചിട്ടുണ്ട് .
അതേസമയം നേരത്തെ പാക്ക് ചെയ്ത് വെച്ച അരി പലവ്യഞ്ജന സാധനങ്ങള്‍ വരുന്ന പ്ലാസ്റ്റിക് കവറുകള്‍ക്ക് നിരോധനമില്ല. ഹോട്ടലുകളില്‍ ഭക്ഷണം പാക്ക് ചെയ്ത് നല്‍കുന്ന മെറ്റലൈസ്ഡ് കവറുകള്‍ക്കും നിരോധനം ബാധകമല്ല.

Related Articles

Back to top button