IndiaLatest

ഹിമാചല്‍ ടൂറിസം തിരിച്ചുവരവിന്റെ പാതയിലെന്ന് മുഖ്യമന്ത്രി

“Manju”

ഹിമാചല്‍ പ്രദേശിലെ ഷിംല ഫ്ളൈയിങ് ഫെസ്റ്റിവലിന് ജുങ്കയില്‍ തുടക്കമായി. ഇന്ത്യക്ക് അകത്തു നിന്നും പുറത്തു നിന്നുമായി അമ്ബതിലേറെ മത്സരാര്‍ഥികളാണ് പാരാഗ്ലൈഡിങ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. പാരാഗ്ലൈഡിങ് ഫെസ്റ്റിവല്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖു ഉദ്ഘാടനം ചെയ്തു. മഴയിലും മിന്നല്‍പ്രളയത്തിലും തകര്‍ന്ന ഷിംലയിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഫ്ളൈയിങ് ഫെസ്റ്റിവല്‍ പുത്തന്‍ ഉണര്‍വുകള്‍ നല്‍കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന ഷിംലയുടെയും ഹിമാചല്‍ പ്രദേശിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളുടെയും പുനര്‍നിര്‍മാണം നല്ല നിലയില്‍ പൂര്‍ത്തിയായതായി മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖു പറഞ്ഞു. കുളുമണാലി ഉള്‍പ്പടെ പ്രധാന സ്ഥലങ്ങളിലേക്കുള്ള റോഡുകള്‍ പുനര്‍നിര്‍മിച്ചു. ഹിമാചല്‍ ഇപ്പോള്‍ പൂര്‍ണമായും തിരിച്ചുവരവിന്റെ പാതയിലാണ്. ഫ്ളൈയിങ് ഫെസ്റ്റിവല്‍ അതിന്റെ തുടക്കമാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

51 മത്സരാര്‍ഥികളാണ് ഫ്ളൈയിങ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. വ്യോമ, കര സേനകളില്‍ നിന്നുള്ളവരും മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്റര്‍നാഷണല്‍ കുളു ദസറ ഫെസ്റ്റിവല്‍ ഈ മാസം നടക്കുമെന്നും മുഖ്യമന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചു. 20 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ കുളു ഫെസ്റ്റിവലില്‍ പങ്കാളികളാവും.

മാസങ്ങള്‍ക്ക് മുന്‍പുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും സംസ്ഥാനത്തുടനീളം നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും കനത്ത നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിരുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളായ കുളുവിലും മണാലിയിലും ഷിംലയിലുമൊക്കെയാണ് പ്രളയത്തില്‍ ഏറ്റവും നാശനഷ്ടങ്ങളുണ്ടായത്. ദേശീയപാതകള്‍ ഉള്‍പ്പടെ 250ഓളം റോഡുകളും മഴയിലും മണ്ണിടിച്ചിലുമായി തകര്‍ന്നിരുന്നു. ലഹോളിലും മണാലിയിലുമൊക്കെ കുടുങ്ങി കിടന്നവരെ ഏറെ ബുദ്ധിമുട്ടിയാണ് രക്ഷപ്പെടുത്തിയത്. ഹിമാലയന്‍ പര്‍വതപ്രദേശങ്ങളും നദീതടങ്ങളും നിറഞ്ഞ ഹിമാചല്‍ പ്രദേശിന്റെ പ്രധാന വരുമാന മാര്‍ഗങ്ങള്‍ കൃഷിയും വിനോദസഞ്ചാരവുമാണ്.

Related Articles

Back to top button