IndiaLatest

ദീപാവലി ആഘോഷം: ഡല്‍ഹിയില്‍ വായു ഗുണനിലവാരം അപകടാവസ്ഥയില്‍

“Manju”

ന്യൂഡല്‍ഹി: ദീപാവലി ആഘോഷത്തിന് പിന്നാലെ ഡല്‍ഹിയില്‍ വായു ഗുണനിലവാരം വീണ്ടും അപകടാവസ്ഥയില്‍. കര്‍ശന നിരോധനങ്ങളോടെയാണ് ഇത്തവണ ഡല്‍ഹി ദീപാവലി ആഘോഷിച്ചത്. പടക്കങ്ങള്‍ ഉണ്ടാക്കുന്നതിനും സൂക്ഷിക്കുന്നതിനും വില്‍ക്കുന്നതിനും ഡല്‍ഹിയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ ദീപാവലി ആഘോഷം കഴിഞ്ഞതോടെ ഡല്‍ഹിയിലെ പല പ്രദേശങ്ങളുടെയും വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ) അപകടകരമായ നിലയിലെത്തി. ജഹാംഗീര്‍പുരി, ആര്‍കെ പുരം, ഓഖ്‌ല, ശ്രീനിവാസ്പുരി, ആനന്ദ് വിഹാര്‍, വസീര്‍പൂര്‍, ബവാന, രോഹിണി എന്നിവിടങ്ങളിലും എ.ക്യു.ഐ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചില സ്ഥലങ്ങളില്‍ 900 വരെ ഉയര്‍ന്നു. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ 910, ലജ്പത് നഗറില്‍ 959, കരോള്‍ ബാഗില്‍ 779 എന്നിങ്ങനെയാണ് രാവിലെ ആറ് മണിയോടെ രേഖപ്പെടുത്തിയത്.
ദീപാവലി ദിനം ഡല്‍ഹിയില്‍ തെളിഞ്ഞ ആകാശമായിരുന്നു. അതുകൊണ്ട് തന്നെ ജനങ്ങള്‍ക്ക് ശ്വസിക്കുവാനും വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. ചൂട് കുറഞ്ഞത് അന്തരീക്ഷ മലിനീകരണത്തോത് വര്‍ധിപ്പിച്ചു. രാത്രിയോടെയാണ് അന്തരീക്ഷം മോശമായത്.

ബേരിയം അടങ്ങിയ പടക്കങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ആഴ്ചയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ജനങ്ങളുടെ ആരോഗ്യം പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടി സെപ്റ്റംബറില്‍ ഡല്‍ഹി സര്‍ക്കാരിന്റെ പടക്ക നിരോധനത്തില്‍ ഇടപെടാൻ കോടതി വിസമ്മതിച്ചിരുന്നു. ഒക്‌ടോബര്‍ 28 മുതല്‍ രണ്ടാഴ്ചക്കാലം ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം വളരെ മോശം അവസ്ഥയിലായിരുന്നു. ഈ കാലയളവില്‍ പുകമഞ്ഞില്‍ മൂടപ്പെട്ട നിലയിലായിരുന്നു രാജ്യം.

Related Articles

Back to top button