KeralaLatest

വിദ്യാഭ്യാസ സമ്പ്രദായം ചട്ടക്കൂടുകള്‍ക്കുളളില്‍ നിന്ന് വെളിയില്‍ വരണം- ഡോ. ജി. ആര്‍. കിരണ്‍

“Manju”

ഒമാന്‍ : ലോകത്തുടനീളമുളള വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ അതിന്റെ നിലവിലുളള ചട്ടക്കൂടുകള്‍ക്കുളളില്‍ നിന്ന് പുറത്തു വരണമെന്നും ചുറ്റുപാടുകളെ കണ്ടറിഞ്ഞ് സമൂഹത്തിന്റെ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് പഠിച്ചാല്‍ മാത്രമെ യുവതലമുറയുടെ കഴിവുകള്‍ പുറത്തുകൊണ്ടുവരാനാകൂവെന്നും മിഡില്‍ ഈസ്റ്റ് കോളേജ് ഡീന്‍ ഡോ. ജി. ആര്‍. കിരണ്‍. ഒമാനിലെ 21 ഇന്ത്യന്‍ സ്കൂളുകള്‍ ചേര്‍ന്ന് ദര്‍സൈത്ത് സീനിയര്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അവനീര്‍ 2023 എക്സ്പോയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.

വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ പാഠം തന്നെ പകര്‍ന്നു കൊടുക്കുകയാണ്. കാലത്തിനൊത്ത മാറ്റം ഉണ്ടാകുന്നില്ല. നല്ല വരുമാനം ലഭിക്കുന്ന ജോലിക്കു വേണ്ടിയാണ് രക്ഷിതാക്കള്‍ മക്കളെ പഠിപ്പിക്കുന്നത്. വാസനകള്‍ക്കപ്പുറം കര്‍മ്മശേഷിത്വത്തെ പരിപോഷിപ്പിക്കാന്‍ അച്ഛനമ്മമാരില്‍ അധികം പേര്‍ക്കും കഴിയുന്നില്ല. അമിതമായ പഠനഭാരം അടിച്ചേല്‍പ്പിച്ച് നാലു ചുവരുകള്‍ക്കുളളില്‍ അടച്ചിട്ട് ‍ മക്കളെ പഠിപ്പിക്കുന്നവരാണ് സാമൂഹിക ഉത്തരവാദിത്വങ്ങളില്‍ നിന്നും അവരെ അകറ്റുന്നത്. അച്ഛനമ്മമാരെ എങ്ങനെ സംരക്ഷിക്കണമെന്നും കുടുംബബന്ധങ്ങളില്‍ എങ്ങനെ പെരുമാറണമെന്നും അവര്‍ പഠിക്കുന്നില്ല. പിന്നെ മാനവികതയുടെ പാഠങ്ങള്‍ അവര്‍ എങ്ങനെ പഠിക്കാനാണെന്ന് അദ്ധേഹം അദ്ധ്യാപകരോടായി ചോദിച്ചു.

പഴയ തലമുറയ്ക്കറിയാവുന്ന 50% തൊഴിലുകള്‍ ഇന്നില്ല. എന്നാല്‍ പുതിയ തൊഴിലവസരങ്ങളുണ്ട്. ഇതിന് കാരണം ആധുനികതയാണ്. എന്നാല്‍ ആധുനികതയില്‍ ഉടലെടുത്ത നവീന സാദ്ധ്യതകളും തൊഴിലവസരങ്ങളും മനസ്സിലാക്കാതെ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കാന്‍ കഴിയില്ല എന്ന് മനസ്സിലാക്കണം. വിദ്യാര്‍ത്ഥികള്‍ അവരുടെ സ്വന്തം നിലയില്‍ തൊഴിലുകള്‍ കണ്ടെത്തി സ്വദേശത്തു നിന്നും വിദേശത്തേക്ക് ചേക്കേറുന്ന കാഴ്ചയാണ് നാമിന്ന് കാണുന്നത്. അക്കാദമിക് സര്‍ട്ടിഫിക്കറ്റുകള്‍ക്കപ്പുറം കഴിവും സര്‍ഗ്ഗശേഷിയുമുളളവരെ തെരഞ്ഞെടുക്കാനാണ് ലോകോത്തര കമ്പനികള്‍ ഇന്ന് ശ്രമിക്കുന്നത്.

ഗ്ലോബലൈസേഷനും സാമ്പത്തികമാറ്റവും പ്രകൃതിയും സാങ്കേതികവിദ്യയും രാഷ്ട്രീയവും മഹാമാരിയും പഠിപ്പിച്ച പാഠങ്ങള്‍ നമ്മള്‍ ഉള്‍ക്കൊളളണം. പുതിയ കാര്യങ്ങള്‍ പഠിക്കാനും അവസരങ്ങള്‍ കണ്ടെത്താനുമുളള വളര്‍ച്ചാ മനോഭാവം (Growth Skills), വെല്ലുവിളികളിൽ നിന്നും തിരിച്ചടികളിൽ നിന്നും തിരിച്ചുവരാനുള്ള ശേഷി( Resilence), ചെയ്യുന്ന കാര്യങ്ങളില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാനുളള കഴിവ് (Attention Management ‌), വിവരങ്ങൾ വിശകലനം ചെയ്യാനും ഓപ്ഷനുകൾ വിലയിരുത്താനും യുക്തിസഹമായ തീരുമാനങ്ങൾ എടുക്കാനുമുള്ള കഴിവ് (Critical Thinking ), നൂതന ആശയങ്ങളുടെ സൃഷ്ടി ( Creativity), സാമൂഹിക ഇടപെടലുകൾ ഫലപ്രദമായി മനസ്സിലാക്കാനും ആശയവിനിമയം ചെയ്യാനുമുള്ള കഴിവ് (Social Intelligence), ഏതൊരു ഉദ്യമത്തിലും അർത്ഥവത്തായ മാറ്റം വരുത്താനും ലക്ഷ്യത്തിലെത്താനുമുളള ശ്രമം ( Impactful) തുടങ്ങിയ ഏഴു ഘടകങ്ങള്‍ ഓരോ കുട്ടികളിലും വാര്‍ത്തെടുക്കണമെന്ന് അദ്ധേഹം തന്റെ പ്രസന്റേഷനിലൂടെ അവതരിപ്പിച്ചു. നിരവധി ഉദാഹരണങ്ങളും സംഭവങ്ങളും ചൂണ്ടിക്കാട്ടിയുളള അവതരണം അന്താരാഷ്ട്ര വേദിയില്‍ ശ്രദ്ധേയമായി. ഇന്ത്യന്‍ സ്കൂള്‍സ് ഒമാന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്‍മാന്‍ ഡോ.ശിവകുമാര്‍ മാണിക്യം അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മസ്ക്കറ്റ് ജനറല്‍ ഡയറക്ടറേറ്റ് ഇംഗ്ലീഷ് ലാംഗ്വേജ് സൂപ്പര്‍വൈസറി യൂണിറ്റ് സീനിയര്‍ സൂപ്പര്‍വൈസര്‍ ഹനാന്‍ അല്‍ -ബാലുഷി വിശിഷ്ടാതിഥിയായി. ചടങ്ങില്‍ ഡോ. ജി. ആര്‍. കിരണിനെ ആദരിച്ചു.

 

Related Articles

Back to top button