InternationalLatest

ഇന്ത്യ വികസിത രാജ്യമാകാൻ സ്ത്രീ ശാക്തീകരണം അനിവാര്യം

“Manju”

ഷില്ലോങ്: 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന് സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, ആത്മീയ മേഖലകളില്‍ സ്ത്രീകളുടെ ശാക്തീകരണം അനിവാര്യമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. മേഘാലയയില്‍ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങളുമായി സംവദിക്കുകയായിരുന്നു രാഷ്ട്രപതി.

സ്ത്രീകള്‍ക്ക് അവരുടെ തെരഞ്ഞെടുപ്പുകള്‍ നടത്താനുള്ള സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ മാത്രമേ സ്ത്രീകളുടെ നേതൃത്വത്തില്‍ വികസനം എന്ന ആശയം നടപ്പിലാക്കാൻ കഴിയൂ എന്നും സാമ്പത്തിക സ്വാതന്ത്ര്യത്തോടെ ഇത് ഒരു പരിധിവരെ യാഥാര്‍ഥ്യമായെന്നും ദ്രൗപതി മുര്‍മു പറഞ്ഞു. സാമ്പത്തിക സ്വാശ്രയത്വം സ്ത്രീകളില്‍ കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നുവെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

പ്രതിരോധം, ശാസ്ത്രം, സാങ്കേതികവിദ്യ, കായികം, വിദ്യാഭ്യാസം, സംരംഭകത്വം, കൃഷി, എന്നിങ്ങനെ എല്ലാ മേഖലകളിലും ഇന്ത്യയിലെ സ്ത്രീകള്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും മറ്റ് സ്ത്രീകള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു.

സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങളോട് മുന്നോട്ട് പോകാനും മറ്റ് സ്ത്രീകളുടെ കൈപിടിച്ച്‌ മുന്നോട്ട് കൊണ്ടുവരാനും രാഷ്ട്രപതി നിര്‍ദേശം നല്‍കി. ഇത് അവരുടെ ഒറ്റക്കുള്ള യാത്രയല്ലെന്നും വീടിന്റെ നാല് ചുവരുകള്‍ക്കപ്പുറത്തുള്ള അവസരങ്ങള്‍ ഇതുവരെ അന്വേഷിക്കാത്ത ഒരു വലിയ വിഭാഗം സ്ത്രീകളുടെ യാത്രയാണെന്നും ദ്രൗപതി മുര്‍മു അഭിപ്രായപ്പെട്ടു. സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങള്‍ തങ്ങളുടെ പ്രദേശത്തെയും രാജ്യത്തിലെയും മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനമായി മാറണമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button