KeralaLatest

പിങ്ക് പ്രൊട്ടക്ഷന്‍ പ്രൊജക്ടിന് ഇന്ന് തുടക്കം

“Manju”

തിരുവനന്തപുരം; സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പൊലീസിന്‍റെ പുതിയ സംരംഭമായ പിങ്ക് പ്രൊട്ടക്ഷന്‍ പ്രൊജക്ടിന് തുടക്കമായി. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിനു മുന്നില്‍, പിങ്ക് പട്രോള്‍ സംഘങ്ങള്‍ക്ക് നല്‍കിയ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചതോടെയാണ് പദ്ധതി നിലവില്‍ വന്നത്. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 10 കാറുകള്‍, ബുള്ളറ്റ് ഉള്‍പ്പെടെ 40 ഇരുചക്രവാഹനങ്ങള്‍, 20 സൈക്കിളുകള്‍ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയത്.
സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനങ്ങള്‍, സൈബര്‍ലോകത്തിലെ അതിക്രമങ്ങള്‍, പൊതുയിടങ്ങളിലെ അവഹേളനങ്ങള്‍ തുടങ്ങിയവ തടയുക എന്ന ലക്ഷ്യത്തോടെയാണ് പിങ്ക് പ്രൊട്ടക്ഷന്‍ പ്രൊജക്ടിന് രൂപം നല്‍കിയത്. നിലവിലുള്ള പിങ്ക് പോലീസ് പട്രോള്‍ സംവിധാനം സജീവമാക്കുന്നത് ഉള്‍പ്പെടെയുള്ള പരിപാടികള്‍ ആണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗാര്‍ഹികപീഡനങ്ങള്‍ പലപ്പോഴും പോലീസ് അറിയുന്നത് പരാതികള്‍ ലഭിക്കുമ്ബോള്‍ മാത്രമാണ്. ഇത്തരം പീഡനങ്ങള്‍ മുന്‍കൂട്ടിക്കണ്ട് തടയുന്നതിന് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കാനുള്ള പിങ്ക് ജനമൈത്രി ബീറ്റ് എന്ന സംവിധാനം പുതിയ പദ്ധതിയില്‍പ്പെടുന്നു.
വീടുകള്‍തോറും സഞ്ചരിച്ച്‌ ഗാര്‍ഹികപീഡനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയാണ് പിങ്ക് ജനമൈത്രി ബീറ്റ് സംവിധാനത്തിന്റെ ചുമതല. പഞ്ചായത്ത് അംഗങ്ങള്‍, അയല്‍വാസികള്‍, മറ്റ് നാട്ടുകാര്‍ എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച്‌ ഇവര്‍ മേല്‍നടപടികള്‍ക്കായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് കൈമാറും. പോലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷനായ പോല്‍-ആപ്പ്, വനിതാസംരക്ഷണത്തിന് സഹായമായ നിര്‍ഭയം ആപ്പ് എന്നിവയുടെ ഉപയോഗം വ്യാപകമാക്കുന്നതും പുതിയ പദ്ധതിയുടെ ഭാഗമാണ്.

Related Articles

Back to top button