InternationalLatest

ഹൂതി വിമതരെ ആഗോള ഭീകരരായി പ്രഖ്യാപിക്കാനുള്ള നീക്കവുമായി അമേരിക്ക

“Manju”

യെമനിലെ ഹൂതി വിമതരെ ഭീകരരായി പ്രഖ്യാപിക്കാൻ യു എസ്

ന്യൂയോര്‍ക്ക്: യെമനിലെ ഹൂതി വിമതരെ ആഗോള ഭീകരരായി റീലിസ്റ്റ് ചെയ്യാനൊരുങ്ങി അമേരിക്ക. ഇതിനുള്ള നീക്കങ്ങള്‍ ബൈഡൻ ഭരണകൂടം ആരംഭിച്ചതായി ഒരു യുഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം തുടര്‍ന്നതോടെ അമേരിക്ക ഹൂതി വിമതര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് മറികടന്നും ആക്രമണം കടുപ്പിച്ചതോടെ യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്കയും ബ്രിട്ടണും സംയുക്തമായി വ്യോമാക്രമണം നടത്തിയിരുന്നു.

അമേരിക്കയുടേയും ബ്രിട്ടന്റേയും ആക്രമണങ്ങള്‍ക്ക് മറുപടിയായി അമേരിക്കൻ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം കടുപ്പിക്കുമെന്നാണ് ഹൂതി വിമതരുടെ ഭീഷണി. അമേരിക്കയുടേയും ബ്രിട്ടന്റേയും യുദ്ധവിമാനങ്ങളും കപ്പലുകളും അന്തര്‍വാഹിനികളും ഒറ്റരാത്രി കൊണ്ട് യെമനിലെ പന്ത്രണ്ടോളം ഇടങ്ങളിലാണ് ആക്രമണം നടത്തിയത്. ഹൂതികളെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു ബൈഡൻ ഈ വിവരം പുറത്ത് വിട്ടത്.

അമേരിക്കയും ബ്രിട്ടണും നടത്തിയ വ്യോമാക്രമണം പ്രതിരോധത്തിന്റെ ഭാഗമായിട്ടാണെന്നും, ചെങ്കടലില്‍ കപ്പലുകള്‍ ആക്രമിക്കുന്നത് തുടര്‍ന്നാല്‍ ഇനിയും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നുമാണ് ജോ ബൈഡൻ പറഞ്ഞത്. മേഖലയില്‍ അമേരിക്കയുടെ സൈനിക ഇടപെടല്‍ അനിവാര്യമായി മാറിയിരിക്കുകയാണെന്നും ജീവന് ഭീഷണി ഉയര്‍ത്തുന്ന നടപടികള്‍ക്കെതിരെ ശക്തമായി തന്നെ പ്രതികരിക്കുമെന്നും ബൈഡൻ ചൂണ്ടിക്കാട്ടി. ചെങ്കടലില്‍ നടത്തിയ ആക്രമണങ്ങള്‍ യുഎസ് ഉദ്യോഗസ്ഥരേയും നാവികരേയും ഞങ്ങളുടെ പങ്കാളികളേയുമെല്ലാം അപകടത്തിലാക്കുന്നതായിരുന്നു. നാവിക ഗതാഗതത്തിന് കനത്ത ഭീഷണി ഉയര്‍ന്നതോടെയാണ് ഇത്തരത്തില്‍ തിരിച്ചടിക്കേണ്ടി വന്നത്. അന്താരാഷ്‌ട്ര വാണിജ്യ മേഖലയിലെ സ്വതന്ത്രമായ മുന്നേറ്റത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ ഇനിയും സ്വീകരിക്കുമെന്നും ബൈഡൻ വ്യക്തമാക്കി.

Related Articles

Back to top button