KeralaLatest

എസ്എഫ്‌ഐക്ക് എതിരെയുള്ള ആക്രമണം: മഹാരാജാസ് കോളേജ് അടച്ചു

“Manju”

എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഇന്ന് നടന്ന ഗവേണിംഗ് കൗണ്‍സില്‍ തീരുമാനത്തെ തുടര്‍ന്നാണ് കോളേജ് അടച്ചതെന്ന് പ്രിന്‍സിപ്പല്‍ വി.എസ് ജോയി അറിയിച്ചു.

മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അബ്ദുള്‍ നാസറിനെയാണ് ഫ്രറ്റേണിറ്റി കെ എസ് യു പ്രവര്‍ത്തകര്‍ ക്യാംപസിനകത്തിട്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. എസ്എഫ്‌ഐ ഏരിയ കമ്മിറ്റി അംഗം അശ്വതിയെയും കുപ്പിച്ചില്ലുകൊണ്ട് ആക്രമിച്ചു. സംഭവത്തില്‍ ഫ്രറ്റേണിറ്റി ,കെഎസ്യു പ്രവര്‍ത്തകരായ 15 പേര്‍ക്കെതിരെ സെന്‍ട്രല്‍ പോലീസ് കേസെടുത്തു.

ബുധനാഴ്ച്ച അര്‍ധരാത്രിയായിരുന്നു സംഭവം. എംജി സര്‍വ്വകലാശാല നാടകോത്സവത്തിന്റ ഭാഗമായി ക്യാംപസിനകത്ത് നാടകപരിശീലനം നടക്കുന്നുണ്ടായിരുന്നു. സംഘാടകച്ചുമതലയുടെ ‘ ഭാഗമായി അബ്ദുള്‍ നാസിറും എസ്എഫ്‌ഐ പ്രവര്‍ത്തകരും ക്യാംപസിലുണ്ടായിരുന്നു. പരിശീലനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ക്യാംപസിലെ ഫ്രറ്റേണിറ്റി നേതാവായ ബിലാല്‍, കെഎസ് യു നേതാവ് അമല്‍ ടോമി എന്നിവരുടെ നേതൃത്വത്തില്‍ അക്രമിസംഘം ക്യാംപസിലെത്തുകയും എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തതെന്ന് മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ തമീം പറഞ്ഞു.

കത്തി, ബിയര്‍ കുപ്പി, വടി എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം.അബ്ദുള്‍ നാസറിന്റെ ശരീരമാസകലം കോറിവരച്ച് ആഴത്തില്‍ മുറിവേല്‍പ്പിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തുവെന്നും തമീം പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ അബ്ദുള്‍ നാസര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കൈക്ക് പരുക്കേറ്റ അശ്വതി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കെ എസ് യു ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെയാണ് കേസെടുത്തത്. വധശ്രമം, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ ഉള്‍പ്പെടെ 9 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.മൂന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ഥി അബ്ദുല്‍ മാലിക്കാണ് ഒന്നാംപ്രതി. ഫ്രറ്റേണിറ്റി പ്രവര്‍ത്തകന്‍ ബിലാല്‍ രണ്ടാം പ്രതിയും കെഎസ്യു മണ്ഡലം സെക്രട്ടറി അമല്‍ ടോമി ഏഴാം പ്രതിയുമാണ്.

Related Articles

Back to top button