IndiaLatest

കോച്ചിങ് സെന്ററുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

“Manju”

കോച്ചിംഗ് സെന്ററുകള്‍ക്ക് കടിഞ്ഞാണിടാൻ കേന്ദ്രം. നടക്ക‌പ്പാക്കാൻ സാധിക്കാത്ത വാഗ്ദാനങ്ങള്‍ നല്‍കി കുട്ടികളെ അഡിമിഷനെടുക്കാൻ പ്രേരിപ്പിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ സർക്കുലറില്‍ പറയുന്നു. 16 വയസില്‍ താഴെയുള്ള കുട്ടികളെ കോച്ചിംഗ് സെന്ററുകളില്‍ ചേർക്കാൻ കഴിയില്ലെന്നും മന്ത്രാലയം അറിയിച്ചു.

സെക്കൻഡറി സ്കൂള്‍ പരീക്ഷയില്‍ വിജയിച്ചതിന് ശേഷം മാത്രമാകും പ്രവേശനം അനുവദിക്കുക. അമിത ഫീസ് ഈടാക്കുകയോ മറ്റ് ക്രമക്കേടുകളില്‍‌ ഏർപ്പെടുകയോ ചെയ്താല്‍ ഒരു ലക്ഷം രൂപ വരെ പിഴ ലഭിക്കും. കോച്ചിംഗ് സെന്ററുകളുടെ രജിസ്ട്രേഷൻ റദ്ദാക്കുകയോ ചെയ്യുമെന്നും പുതിയ മാർഗനിർദ്ദേശത്തില്‍ പറയുന്നു.

കോച്ചിംഗ് സെന്ററുകളിലെ ട്യൂട്ടർമാരുടെ അടിസ്ഥാന യോഗ്യത ബിരുദമായിരിക്കണം. വിദ്യാർത്ഥികളുടെ എണ്ണം കൂട്ടുന്നതിനായി തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കരുത്, മാതാപിതാക്കളെയും കുട്ടികളെയും പ്രലോഭിപ്പിക്കരുത്, കോച്ചിംഗ് സെന്ററുകളുടെ പരിശീലന മികവിനെ കുറിച്ചോ, വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങളെ കുറിച്ചോ, വിദ്യാർത്ഥികളുടെ മികവിനെ കുറിച്ചോ നേരിട്ടോ അല്ലാതെയോ യാതൊരുവിധത്തിലുള്ള അവകാശവാദങ്ങള്‍, പരസ്യപ്പെടുത്താനോ പ്രസിദ്ധീകരിക്കാനോ പാടില്ല. ഏതെങ്കിലും തരത്തിലുള്ള കുറ്റത്തിന് ശിക്ഷപ്പെട്ട വ്യക്തികളെ അദ്ധ്യാപകന്റെ പദവിയില്‍ നിയമിക്കരുത്, പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രമാകണം എൻറോള്‍മെന്റ് തുടങ്ങിയ കാര്യങ്ങളാണ് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.

ട്യൂട്ടർമാരുടെ യോഗ്യത, കോഴ്‌സുകള്‍ അല്ലെങ്കില്‍ പാഠ്യപദ്ധതി, പൂർത്തിയാക്കുന്ന കാലയളവ്, ഹോസ്റ്റല്‍ സൗകര്യങ്ങള്‍, ഈടാക്കുന്ന ഫീസ് എന്നിവയുടെ അപ്‌ഡേറ്റ് ചെയ്ത വിശദാംശങ്ങളുള്ള വെബ്‌സൈറ്റ് കോച്ചിംഗ് സെന്ററുകള്‍ക്ക് ഉണ്ടായിരിക്കണം. വർദ്ധിച്ചുവരുന്ന മത്സരബുദ്ധിയും പഠനത്തിലെ സമ്മർദ്ദവും കുട്ടികളുടെ മാനസിക നിലയെ പ്രതികൂലമായി ബാധിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ കുട്ടികള്‍ക്ക് മനഃശാസ്ത്രജ്ഞർ, കൗണ്‍സിലർമാർ തുടങ്ങിയവരുടെ സഹായം നല്‍കണം. ഇവരുടെ പേരുവിവരങ്ങള്‍, അവർ സേവനം നല്‍കുന്ന സമയം തുടങ്ങിയ വിവരങ്ങള്‍ മാതാപിതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കും നല്‍കണമെന്നും സർക്കുലറിലുണ്ട്. പുതിയ മാർഗനിർദ്ദേശങ്ങള്‍ പാലിച്ചാല്‍ മാത്രമാകും സ്ഥാപനത്തിന് രജിസ്ട്രേഷൻ ലഭിക്കുക.

സ്വകാര്യ കോച്ചിംഗ് സെന്ററുകളുടെ അനിയന്ത്രിതമായ വളർച്ച നിയന്ത്രിക്കുന്നതിനും നിയമപരമായ ചട്ടക്കൂടിന്റെ ആവശ്യകത പരിഹരിക്കുന്നതിനുമാണ് മാർഗനിർദ്ദേശങ്ങള്‍ പുറത്തിറക്കിയതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. വർദ്ധിച്ച്‌ വരുന്ന വിദ്യാർത്ഥി ആത്മഹത്യകള്‍, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, അദ്ധ്യാപന രീതികള്‍, കുട്ടികളെ പുറത്താക്കല്‍ തുടങ്ങിയവയെ കുറിച്ച്‌ നിരവധി പരാതികളാണ് സർക്കാരിന് ദിനംപ്രതി ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പുതിയ തീരുമാനങ്ങള്‍.

Related Articles

Back to top button