InternationalLatest

ഒളിമ്പിക് മെഡലുകളില്‍ ഈഫല്‍ ടവറിന്റെ അംശവും

“Manju”

പാരിസ്: ഈ വര്‍ഷം പാരിസില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സിന്റെ മെഡല്‍ ഡിസൈനുകള്‍ പുറത്തിറക്കി സംഘാടകര്‍. ഓരോ മെഡലുകളിലും പ്രശസ്തമായ ഈഫല്‍ ടവറില്‍ നിന്നുള്ള ലോഹത്തിന്റെ ഭാഗം ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് പ്രത്യേകത. വ്യാഴാഴ്ച മെഡലുകള്‍ പുറത്തിറക്കവെ സംഘാടകര്‍ തന്നെ അറിയിച്ചതാണ് ഇക്കാര്യം. ഓരോ മെഡലുകളുടെയും മധ്യഭാഗത്ത് ഷഡ്ഭുജാകൃതിയിലാകും ഈഫല്‍ ടവറില്‍ നിന്നുള്ള ലോഹഭാഗം ഉള്‍പ്പെടുത്തുക. തുടര്‍ന്ന് നടക്കുന്ന പാരാലിമ്പിക്‌സിലും ഉപയോഗിക്കുക ഇതേ മെഡലുകളാണ്.

സ്വര്‍ണം, വെള്ളി, വെങ്കലം അടക്കം 5,084 മെഡലുകളാണ് പാരിസ് ഒളിമ്പിക്‌സില്‍ നല്‍കുക. പ്രമുഖ ഫ്രഞ്ച് ആഭരണശാലയായ ചൗമെറ്റാണ് മെഡലുകള്‍ രൂപകല്‍പ്പന ചെയ്തത്. ജൂലായ് 26 മുതല്‍ ഓഗസ്റ്റ് 11 വരെയാണ് പാരിസ് ഒളിമ്പിക്‌സ്. പാരാലിമ്പിക്സ് ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ എട്ട് വരെ നടക്കും.

വര്‍ഷങ്ങളായി ഈഫല്‍ ടവറിന്റെ അറ്റകുറ്റപ്പണിക്കിടെ നീക്കം ചെയ്ത ഭാഗങ്ങളാണ് മെഡലുകളില്‍ ഉപയോഗിക്കുന്നത്. ഈഫല്‍ ടവറിന്റെ അറ്റകുറ്റപ്പണിയും മറ്റും നടത്തുന്ന കമ്പനിയുടെ വെയര്‍ഹൗസില്‍ നിന്നുമാണ് ഈ ലോഹഭാഗങ്ങള്‍ എടുത്തത്. ഒളിമ്പിക്‌സ് മെഡലുകളില്‍ എന്തെങ്കിലും വ്യത്യസ്തത കൊണ്ടുവരാന്‍ അതത് രാജ്യത്തെ സംഘാടകര്‍ ശ്രമിക്കാറുണ്ട്. ഇക്കഴിഞ്ഞ ടോക്യോ ഒളിമ്പിക്‌സില്‍ വിതരണം ചെയ്ത മെഡലുകളില്‍ ഉപയോഗിച്ചത് മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങിയ ഉപകരണങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ലോഹമായിരുന്നു.

Related Articles

Back to top button