IndiaLatest

ഖത്തറില്‍ ശിക്ഷിക്കപ്പട്ട ഇന്ത്യൻ നാവികരെ വെറുതെവിട്ടു

“Manju”

ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച്‌ ഖത്തറില്‍ തടവുശിക്ഷയ്‌ക്ക് വിധിച്ച എട്ട് മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥർക്ക് മോചനം. ഖത്തറില്‍ ഇന്ത്യ നടത്തിയ നിയമപോരാട്ടത്തെ തുടർന്ന് നാവികരുടെ വധശിക്ഷയില്‍ കഴിഞ്ഞ മാസം ഇളവ് ലഭിക്കുകയും തടവുശിക്ഷയായി കുറയ്‌ക്കുകയും ചെയ്തിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഖത്തറിലെ അപ്പീല്‍ കോടതി നാവികരെ വെറുതെവിട്ട കാര്യം അറിയിച്ചത്.

ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരെ വിട്ടയച്ച ഖത്തർ അപ്പീല്‍ കോടതി വിധിയെ കേന്ദ്രസർക്കാർ സ്വാഗതം ചെയ്തു. ഇവരില്‍ ഏഴ് പേർ ഇന്ത്യയില്‍ മടങ്ങിയെത്തിയെന്നും ഇന്ത്യൻ പൗരന്മാരെ മോചിപ്പിക്കാനും നാട്ടിലേക്ക് മടങ്ങാനും വഴിയൊരുക്കിയ ഖത്തർ സ്റ്റേറ്റ് അമീറിന്റെ തീരുമാനം അഭിനന്ദാർഹമാണമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കുറ്റം ആരോപിച്ചാണ് ദോഹ ആസ്ഥാനമായുള്ള ദഹ്‌റ ഗ്ലോബലിലെ ഇന്ത്യൻ പൗരന്മാരുള്‍പ്പെടെയുള്ള എല്ലാ ജീവനക്കാരെയും 2022 ഓഗസ്റ്റില്‍ കസ്റ്റഡിയിലെടുത്തത്. ഈ സംഘത്തിലാണ് ഇന്ത്യയിലെ മുൻ നാവിക ഉദ്യോഗസ്ഥരും ഉണ്ടായിരുന്നത്. ദുബായില്‍ നടന്ന കോപ്പ് 28 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തർ ഭരണാധികാരി ഷെയ്ക് തമീം ബിൻ ഹമദ് അല്‍താനിയും നടത്തിയ കൂടിക്കാഴ്ചയില്‍ വിഷയം ചർച്ചചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഭാരതീയരുടെ മോചനം സാധ്യമായത്. പൂർണേന്ദു തിവാരി, സുഗുണകർ പകല, അമിത് നാഗ്പാല്‍, സഞ്ജീവ് ഗുപ്ത, നവ്‌തേജ് സിംഗ് ഗില്‍, ബിരേന്ദ്രകുമാർ വർമ, സൗരഭ് വസിഷ്ഠ്, തിരുവനന്തപുരം സ്വദേശി രാഗേഷ് ഗോപകുമാർ എന്നിവരെയാണ് ഖത്തർ വധശിക്ഷയ്‌ക്ക് വിധിച്ചതും വിട്ടയച്ചതും.

Related Articles

Back to top button