KeralaLatest

മോഡല്‍ റസിഡന്‍ഷ്യല്‍ വിദ്യാലയങ്ങള്‍ കുട്ടികള്‍ ആഗ്രഹിക്കുന്ന വിദ്യാഭ്യാസത്തിന്: മന്ത്രി കെ രാധാകൃഷ്ണന്‍

“Manju”

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പോത്തന്‍കോട് ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്ന തോന്നയ്ക്കല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ വിദ്യാലയത്തിന്റെയും നൈപുണ്യ പരിശീലന കേന്ദ്രത്തിന്റെയും ഉദ്ഘാടനം പട്ടികജാതി- പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.  പട്ടികജാതി-പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ത്ഥികളുടെ നൈപുണ്യ വികസനത്തിന് നൂതന സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിശീലിപ്പിക്കുന്ന കേന്ദ്രമായിട്ടാകും മോഡല്‍ സ്‌കൂള്‍ ആദ്യം പ്രവര്‍ത്തിക്കുകയെന്ന് മന്ത്രി പറഞ്ഞു. ആദ്യ ഘട്ടത്തില്‍ ഏവിയേഷന്‍ കോഴ്‌സ് ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന പഠന സാഹചര്യമൊരുക്കാനാണ് മോഡല്‍ സ്‌കൂളുകള്‍ സ്ഥാപിക്കുന്നത്. 33 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളാണ് സംസ്ഥാനത്തുള്ളത്. ഈ സ്‌കൂളുകള്‍ എല്ലാം വാര്‍ഷിക പരീക്ഷകളില്‍ മികച്ച വിജയം കാഴ്ചവയ്ക്കുന്നത് അഭിമാനകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അധ്യക്ഷത വഹിച്ചു. പോത്തന്‍കോട് പഞ്ചായത്തിലെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നാണ് നാടിന് സമര്‍പ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. പരിശീലന കേന്ദ്രം പോത്തന്‍കോട് പഞ്ചായത്തിലും സമീപ പഞ്ചായത്തിലുമുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭ്യമാകുന്നതിന് സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. പട്ടിക ജാതി വിഭാഗത്തില്‍ നിന്നുള്ള 150 കുട്ടികളും പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട 150 കുട്ടികളും ഉള്‍പ്പെടെ 300 കുട്ടികള്‍ക്കാണ് ആദ്യം പ്രവേശനം ലഭിക്കുക. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ റീജിയണല്‍ മാനേജര്‍ ജയകൃഷ്ണന്‍.എം റിപ്പോര്‍ട്ട് അവതരിപ്പിച്ചു

കിഫ്ബി ഫണ്ട് 16. 95 കോടി രൂപ വിനിയോഗിച്ചാണ് റസിഡന്‍ഷ്യല്‍ വിദ്യാലയത്തിന്റെ കെട്ടിട സമുച്ചയം നിര്‍മ്മിച്ചിരിക്കുന്നത്. ഇരുനിലകളിലായി 10 ക്ലാസ്സ് മുറികള്‍, കോണ്‍ഫറന്‍സ് ഹാള്‍ ഉള്‍പ്പെട്ട അക്കാദമിക് -അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, മൂന്ന് നിലകളിലായി 210 വിദ്യാര്‍ത്ഥികളെ പാര്‍പ്പിക്കാന്‍ കഴിയുന്ന ഹോസ്റ്റല്‍, കിച്ചന്‍ ബ്ലോക്ക്, റീക്രീയേഷന്‍ റൂം, ലൈബ്രറി, സ്റ്റാഫ് കോര്‍ട്ടേസുകള്‍ എന്നിവ അടങ്ങിയതാണ് കെട്ടിട സമുച്ചയം.

ചടങ്ങില്‍ വി. ശശി എം. എല്‍. എ, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ഹരിപ്രസാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍. അനില്‍, പട്ടികജാതി പിന്നാക്കവിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button