InternationalLatest

ജപ്പാനില്‍ ബാക്ടീരിയല്‍ അണുബാധ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്

“Manju”

ടോക്കിയോ : ജപ്പാനില്‍ അപൂര്‍വവും അപകടകാരിയുമായ ബാക്ടീരിയല്‍ അണുബാധ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. സ്ട്രെപ്റ്റോകോക്കല്‍ ടോക്സിക് ഷോക്ക് സിന്‍ഡ്രോം എന്ന് അറിയപ്പെടുന്ന രോഗം ആശങ്ക പടര്‍ത്തി മുന്‍ വര്‍ഷത്തെക്കാള്‍ കൂടുതല്‍ പേരിലേക്ക് വ്യാപിച്ചു. കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാന്‍ കഴിയുന്നില്ലെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി. സ്ട്രെപ്റ്റോകോക്കസ് പ്യോജീന്‍സ് എന്ന ബാക്ടീരിയം ആണ് സ്ട്രൊപ്റ്റോകോക്കല്‍ ടോക്സിക് ഷോക്ക് സിന്‍ഡ്രോമിനു കാരണമാകുന്നത്. കഴിഞ്ഞ ജൂലായ് മുതല്‍ ഡിസംബര്‍ വരെ രോഗം സ്ഥിരീകരിച്ച അമ്പതുവയസ്സിന് താഴെയുള്ള അറുപത്തിയഞ്ചുപേരില്‍ ഇരുപത്തിയൊന്നു പേരും മരണപ്പെട്ടതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പലരിലും ലക്ഷണങ്ങളില്ലാതെ തന്നെ രോഗം വന്നുപോകുമെങ്കിലും ഉയര്‍ന്ന വ്യാപനത്തിനു കാരണമാകുന്ന ബാക്ടീരിയ ചിലഘട്ടങ്ങളില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയും മരണസംഖ്യ വര്‍ധിപ്പിക്കുകയും ചെയ്യാം. പ്രത്യേകിച്ച് മുപ്പതു വയസ്സിനു മുകളിലുള്ളവരില്‍ സ്ഥിതി കൂടുതല്‍ വഷളായേക്കാം. പ്രായമായവരില്‍ ജലദോഷത്തിനു സമാനമായ ലക്ഷണങ്ങളാണ് പ്രകടമാവുകയെങ്കിലും ചിലപ്പോള്‍ ടോണ്‍സിലൈറ്റിസ്, ന്യുമോണിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയവയ്ക്കും കാരണമാകും. പല കേസുകളിലും അവയവങ്ങള്‍ തകരാറിലാകുന്ന അവസ്ഥയിലേക്കുമെത്തിച്ചേരാം. കോവിഡിനുസമാനമായി സ്രവങ്ങളിലൂടെയും സ്പര്‍ശനങ്ങളിലൂടെയുമൊക്കെയാണ് സ്ട്രെപ്റ്റോകോക്കല്‍ അണുബാധകളും പകരുന്നത്. കൈകാലുകളിലെ മുറിവുകളിലൂടെയും ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കാം. ആന്റിബയോട്ടിക് ചികിത്സയിലൂടെയാണ് സ്ട്രെപ് എ അണുബാധയെ ചികിത്സിക്കുന്നത്. കോവിഡ് കാലത്ത് സ്വീകരിച്ചിരുന്ന മുന്‍കരുതലുകള്‍ സ്ട്രെപ് എ വിഭാഗത്തിനെതിരെയും തുടരണമെന്ന് ജപ്പാനിലെ ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button