KeralaLatest

അമ്മയുടെ ജന്മദിനാഘോഷത്തിനിടെ മക്കളുടെ മര്‍ദ്ദനമേറ്റ് പിതാവ് മരിച്ചു

“Manju”

തിരുവനന്തപുരം: അമ്മയുടെ ജന്മദിനാഘോഷത്തിനിടെ മക്കളുടെ മര്‍ദ്ദനമേറ്റ് പിതാവ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇരട്ട സഹോദരങ്ങളെ പോലീസ് അറസ്റ്റു ചെയ്തു. കീഴായിക്കോണം അമ്പലംമുക്ക് ഗാന്ധിനഗര്‍ സുനിതാ ഭവനില്‍ സുധാകരന്‍(57) ആണ് മരിച്ചത്. മക്കളായ കൃഷ്ണ(24) ഹരി(24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി 10.30 ന് ശേഷമാണ് സംഭവം. സുനിതയുടെ ജന്മദിനാഘോഷത്തിനിടെ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായി. സുധാകരനും ഇളയമകന്‍ ആരോമല്‍(21) ഒരു പക്ഷത്തും മാതാവും മൂത്തമക്കളായ കൃഷ്ണയും ഹരിയും മറുപക്ഷത്തുമായിരുന്നു. വാക്കേറ്റമുണ്ടാവുകയും ഇത് കയ്യേറ്റത്തില്‍ കലാശിക്കുകയും ചെയ്തു. ആരോമലിന് ഗുരുതരമായി പരിക്കേറ്റപ്പോള്‍ അത് തടയാന്‍ ശ്രമിച്ച സുധാകരനെ മര്‍ദ്ദിക്കുകയായിരുന്നു. വീടിന് സമീപത്തെ വയലിലേക്ക് ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ പിന്നാലെത്തിയ മക്കല്‍ അടിച്ചുവീഴ്ത്തി. പാറക്കെട്ടിലിടിച്ച് പരുക്കേറ്റ് തോട്ടിലേക്ക് വീണ സുധാകരനെ മക്കള്‍ വീണ്ടും മര്‍ദ്ദിച്ചുവെന്ന് പോലീസ് പറഞ്ഞു.

ആരോമലിന്റെ കൈക്കും കാലിനും പൊട്ടലുണ്ട്. സുധാകരന്‍ ഇന്നലെ പുലര്‍ച്ചെ 1.30 നാണ് മരിച്ചത്. വെഞ്ഞാറമൂട് പോലീസ് ഇന്‍സ്‌പെക്ടര്‍ പി എസ് രാജേഷ്, എസ് ഐ ജ്യോതിഷ് ചിറവൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളില്‍ ഒരാളെ കാരേറ്റിന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മറ്റൊരാളെ വീടിന് സമീപത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സുധാകരന്റെ മൃതദേഹം സംസ്‌കരിച്ചു.

Related Articles

Back to top button