KeralaLatest

സംവിധായകന്‍ ജോഷിയുടെ വീട്ടിലെത്തിയ ‘റോബിന്‍ഹുഡ്’ പാവപ്പെട്ടവര്‍ക്ക് കണ്‍കണ്ട കള്ളന്‍

“Manju”

കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ നിന്ന് ഒരു കോടിയോളം രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്ന മോഷ്ടാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി കേരളാ പോലീസ്. ഇന്ത്യയിലെങ്ങും വന്‍നഗരങ്ങളിലെ സമ്പന്നവീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ബീഹാര്‍ സ്വദേശി ഇര്‍ഫാനാണ്(35) പിടിയിലായത്. മോഷ്ടിച്ച പണം കൊണ്ട് പാവപ്പെട്ടവരെ സഹായിക്കുന്ന ഇയാള്‍ ബീഹാര്‍ റോബിന്‍ഹുഡ് എന്നാണ് അറിയപ്പെടുന്നത്.

ശനിയാഴ്ച പുലര്‍ച്ചെ മോഷണത്തിന് ശേഷം കാറില്‍ രക്ഷപ്പെട്ട ഇര്‍ഫാനെ കര്‍ണാടക പോലീസിന്റെ സഹായത്തോടെ അതേദിവസം വൈകിട്ട് അഞ്ചുമണിയോടെ ഉടുപ്പില്‍ വച്ചാണ് അറസ്റ്റു ചെയ്തത്. മോഷണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇന്ന് ഡിസിപി കെ എസ് സുദര്‍ശന്‍ പത്രസമ്മേളനത്തില്‍ അന്വേഷണ വിവരങ്ങള്‍ വിശദീകരിക്കും.
മോഷണത്തിന് മാത്രമായി മുഹമ്മദ് ഇര്‍ഫാന്‍ കാറില്‍ കൊച്ചിയില്‍ എത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. ബീഹാറിലെ സീതാമര്‍ഹിയിലെ ജില്ലാപരിഷത്ത് അധ്യക്ഷന്‍ എന്ന ബോര്‍ഡുവെച്ച കാറായതുകൊണ്ട് ചെക് പോസ്റ്റുകളില്‍ പരിശോധനയില്ലാതെ കേരളത്തില്‍ എത്തുകയും മോഷണം നടത്തി മടങ്ങുകയുമായിരുന്നു.

സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയില്‍ നിന്ന് രജിസ്‌ട്രേഷന്‍ നമ്പര്‍ തിരിച്ചറിഞ്ഞ് ഇതര സംസ്ഥാനസേനകളുടെ സഹായത്തോടെ കൊച്ചി പോലീസ് നടത്തിയ വ്യാപക പരിശോധനയില്‍ ഉടുപ്പിക്കടുത്ത് കോട്ട സ്‌റ്റേഷന്‍ പരിധിയില്‍ കാര്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുഹമ്മദ് ഇര്‍ഫാന്‍ പിടിയിലായത്. 2021 ല്‍ വിഷുദിനത്തില്‍ ഭീമാ ജുവലറി ഉടമ ഡോ. ബി ഗോവിന്ദന്റെ തിരുവനന്തപുരം കവടിയാറിലെ വീട്ടില്‍ നിന്ന് രണ്ടരലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളും 60,000 രൂപയും കവര്‍ന്നത് താനാണെന്ന് മുഹമ്മദ് ഇര്‍ഫാന്‍ സമ്മതിച്ചതായാണ് വിവരം.

 

 

Related Articles

Back to top button