KeralaLatest

അദ്വൈതാശ്രമത്തിലെ ഗുരുവിന്റെ രണ്ടു വര്‍ഷങ്ങള്‍

“Manju”

നമുക്ക് മുന്നേ നടന്നു നീങ്ങിയവര്‍, അവര്‍ നടത്തുന്ന ദേശാടനം. അതിന് പിന്നിലെ കാരണമെല്ലാം അന്വേഷിച്ചു ചെന്നാല്‍ അവിശ്വസനീയമായി തോന്നാം. ചിലപ്പോള്‍ യുക്തികൊണ്ട് വിശകലനം ചെയ്ത് ഒന്നും മനസ്സിലാവാതെ പിന്‍വലിയും. യുക്തിക്കതീതമായി അതിനെ ഉല്‍ക്കൊള്ളുന്നവര്‍ സാകൂതം ചെവിയോര്‍ക്കും. അങ്ങനെ അവധൂത യാത്ര നടത്തിയ ഒരു മഹാത്മാവാണ് ശാന്തിഗിരി ആശ്രമം സ്ഥാപക നവജ്യോതി ശ്രീകരുണാകര ഗുരു. ഭാരതത്തിന്റെ ആത്മാവ് തൊട്ടറിയുന്നതിനൊപ്പം അവധൂത ജീവിതത്തിന്റെ പൊരുള്‍ തേടിയുള്ള യാത്രയായിരുന്നു അത്.

ഭൂമിയില്‍ പിറന്ന്, നിഷ്‌കാമ ഭാവത്തോടെ കര്‍മ്മം അനുഷ്ഠിച്ച് കടന്നു പോയ ഗുരുവിന്റെ നിയോഗവും ചരിത്രവും അത്രപെട്ടെന്നൊന്നും സാധാരണക്കാര്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല. കാരണം അത് യുക്തിക്ക് അതീതമാണ്. അവരുടെ ജീവിതം നമുക്ക് മുന്നില്‍ ഒരു ചൂണ്ടുപലകപോലെയാണ്. അതിലൂടെ നമുക്കും സഞ്ചരിക്കാം.

 

നവജ്യോതി ശ്രീകരുണാകര ഗുരു ചെറുപ്പം മുതലേ ആശ്രമം ജീവിതം ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ വീട്ടിലെ സാഹചര്യം അത്ര സുഖകരമായിരുന്നില്ല. ഇളയച്ഛന്റെ വീട്ടില്‍ ഗുരു രണ്ടുവര്‍ഷം കഴിഞ്ഞിരുന്നു. അന്ന് ഗുരുവിന് പ്രായം 11 വയസ്സായിരുന്നു. ഒരു ദിവസം ഇളയച്ഛന്റെ ഭാഗത്തു നിന്ന് ഗുരുവിന്റെ മനസ്സ് വേദനിപ്പിക്കുന്ന തരത്തില്‍ ഒരു സംഭവമുണ്ടായി. ആ രാത്രി അവിടം വിട്ടിറങ്ങി. അടുത്തുള്ള ഭജനമഠത്തിന്റെ തിണ്ണയില്‍ കിടന്നുറങ്ങി. പിറ്റേദിവസം രാവിലെ തന്നെ അക്ഷരം പഠിപ്പിച്ച മാളിയേക്കല്‍ കുമാരനാശാന്റെ അടുത്തെത്തി. ഏതെങ്കിലും ആശ്രമത്തില്‍ കൊണ്ടുചെന്നാക്കണെമെന്ന് ആവശ്യപ്പെട്ടു. അരൂരില്‍ കൃഷ്ണപ്പിള്ള എന്നൊരാള്‍ പല ആശ്രമങ്ങളുമായി ബന്ധപ്പെട്ടു കഴിയുന്നുണ്ടായിരുന്നു. അദ്ദേഹത്തെ ചെന്നു കണ്ടു. അദ്ദേഹം പറഞ്ഞതു പ്രകാരം കാലടിയിലെ ആഗമാനന്ദാശ്രമത്തിലേക്ക് പുറപ്പെട്ടു. വഴിയില്‍ വച്ച് ആശ്രമവുമായി പരിചയമുള്ള ഒരാളെ ആശാന്‍ കാണാനിടയായി. അദ്ദേഹം ഗുരുവിനെ ആഗമാനന്ദ സ്വാമികളുടെ ആശ്രമത്തില്‍ എത്തിക്കാമെന്ന് പറഞ്ഞു. ഗുരുവിനെ ആശ്രമത്തിലാക്കി ആശാന്റെ പരിചയക്കാരന്‍ മടങ്ങി. എന്നാല്‍ അവിടെ താമസിച്ചു പഠിപ്പിക്കുന്ന സമ്പ്രദായം ഇല്ലെന്ന് പറഞ്ഞ് ഗുരുവിനെ വൈകുന്നേരം തിരിച്ചയച്ചു.

 

ഗുരു തനിച്ച് അവിടെ നിന്ന് ആലുവയിലേക്ക് നടന്നു. നടക്കുന്നതിനിടയില്‍ ആശ്രമ കടവില്‍ പോയി കുളിക്കാം എന്നു പറയുന്നത് കേട്ടു. അങ്ങനെ അവരുടെ പിന്നാലെ പോയി. പിന്നീട് വിശാലമായ കുളിക്കളവില്‍ എത്തിച്ചേര്‍ന്നു. തെളിനീരുവെള്ളത്തില്‍ കുളിച്ചതിന് ശേഷം ഗുരു നേരെ അദ്വൈതാശ്രമത്തിലേക്ക് നടന്നു.

ഗുരു ആശ്രമത്തിലേക്ക് കടന്നു ചെല്ലുമ്പോള്‍ മഠാധിപതിയായ ശങ്കരാനന്ദ സ്വാമികള്‍ പുറത്ത് കസേരയില്‍ ഇരിക്കുന്നുണ്ടായിരുന്നു. നേരെ സ്വാമികളെ കണ്ടു. ആശ്രമത്തില്‍ കഴിയാനുള്ള ഗുരുവിന്റെ ആഗ്രഹം അറിയിച്ചു. അങ്ങനെ ശങ്കരാനന്ദ സ്വാമികളുടെ കനിവിന്റെ നിറവില്‍ ഗുരുവിന്റെ ആശ്രമ ജീവിതം ആരംഭിച്ചു. ആലുവ അദ്വൈതാശ്രമത്തില്‍ രണ്ടുവര്‍ഷം ജീവിച്ചു. ആശ്രമ ചിട്ടകളൊന്നും പരിചയമില്ലെങ്കിലും അതുമായി പെട്ടെന്ന് ഗുരു പൊരുത്തപ്പെട്ടു. ആശ്രമ ജീവിതത്തോടുള്ള താല്‍പര്യം നാള്‍ക്കുനാള്‍ വര്‍ധിച്ചു. അവിടെ ഗുരുവിന്റെ ത്യാഗ സമൃദ്ധിയിലേക്കുള്ള വാതായനങ്ങള്‍ അവിടെ തുറക്കപ്പെട്ടു.

ശ്രീരാമകൃഷ്ണ സന്ന്യാസി പരമ്പരയിലെ മഹാപണ്ഡിതനായ സന്ന്യാസി ആയിരുന്നു ആഗമാനന്ദസ്വാമികള്‍. നൂറ്റാണ്ടുകളോളം അവഗണിക്കപ്പെട്ടു ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയായ നവോത്ഥാനത്തിന്റെ വെളിച്ചം പകര്‍ന്നത് ആഗമാനന്ദ സ്വാമികളായിരുന്നു. തന്റെ കര്‍മ്മകാണ്ഠത്തിലൂടെ ഉയര്‍ത്തുവാന്‍ കഠിന പ്രയത്മാണ് സ്വാമികള്‍ ചെയ്തത്. രാമകൃഷ്ണ സര്‍വ്വകലാശാലയുടെ പ്രഥമ പ്രസിഡന്റും ശ്രീരാമകൃഷ്ണന്റെ നേരിട്ടുള്ള ശിഷ്യനുമായ സ്വാമി ബ്രഹ്‌മാനന്ദജി മഹാരാജിന്റെ ദീക്ഷിത ശിഷ്യനായ ആഗമാനന്ദ സ്വാമിയാണ് കാലടിയില്‍ ഈ ആശ്രമം ആരംഭിച്ചത്. സ്വാമി ആഗമാനന്ദയുടെ പാണ്ഡിത്യത്തിലും വ്യക്തിത്വത്തിലും വിശുദ്ധ ജീവിതത്തിലും പ്രചോദനം ഉള്‍ക്കൊണ്ട് പെരിയാര്‍ തീരത്ത് പറയത്തു ഗോവിന്ദമേനോന്‍ എന്ന ജന്മി ദാനമായി നല്‍കിയ ഏതാനും ഏക്കര്‍ പ്രദേശത്താണ് ശ്രീരാമകൃഷ്ണാശ്രമം തുടങ്ങിയത്. നാലു മുളങ്കാലില്‍ ഓലമേഞ്ഞ ഒരു കുടില്‍. അതായിരുന്നു അന്നത്തെ ആശ്രമം. 1936ല്‍ ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം എന്ന പേരില്‍ അദ്ദേഹം ഒരാശ്രമം തുടങ്ങുന്നത്. 1941-ല്‍ ബേലൂര്‍ മഠവുമായി ഈ ആശ്രമം അഫിലിയേറ്റ് ചെയ്തു. ഇവിടേക്കാണ് ഗുരു ആദ്യമായി ആശ്രമം തേടിയെത്തുന്നത്.

ഗുരുവിന്റെ ജീവിതമുദ്രകള്‍ പതിഞ്ഞ ഈ സ്ഥലങ്ങളിലേക്കാണ് ശിഷ്യപരമ്പര ഇന്നുമുതല്‍ (1/05/24) മുതല്‍ അവധൂത യാത്ര നടത്തുന്നത്. ഗുരുവിന്റെ ആദിസങ്കല്‍പ്പലയന വാര്‍ഷികമായ നവഒലി ജ്യോതിര്‍ദിനത്തോടനുബന്ധിച്ചാണ് ഈ തീര്‍ത്ഥാടനം. യാത്രസംഘം ആദ്യം പോയത് കാലടി ആഗമാനന്ദാശ്രമത്തിലേക്കായിരുന്നു. അവിടെ ഒത്തിരി നേരം പ്രാര്‍ത്ഥിച്ചു. പിന്നീട് ആലുവ അദ്വൈതാശ്രമത്തിലേക്കും. ഗുരു അവിടെ രണ്ടുവര്‍ഷം ജീവിച്ചതിന്റെ ഓര്‍മ്മകള്‍ ഒന്നുകൂടി പുതുക്കികൊണ്ട് ആ യാത്രാ സംഘം ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥനയ്ക്ക് ശേഷം അവിടെ നിന്ന് തിരിച്ചു.

Related Articles

Back to top button