IndiaLatestNature

അറബിക്കടലിൽ പുതിയ ഇനം ആഴക്കടൽ കക്ക കണ്ടെത്തി ഗവേഷകര്‍

“Manju”

കളമശ്ശേരി: കിഴക്കൻ അറബിക്കടലിൽനിന്ന് പുതിയ ഇനം ആഴക്കടൽ കക്ക കണ്ടെത്തി. കാർവാർ തീരത്തുനിന്നുമാറി ആഴക്കടലിലാണ് സൈലോ ഫാഗൈഡേ കുടുംബത്തിലുള്ള കക്ക കണ്ടെത്തിയത്.

സമുദ്രോപരിതലത്തിനു താഴെയായി തടികൾക്കുള്ളിലാണ് ഇവ വളരുന്നത്. സമുദ്രോപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന തടികളിലും ഇവ അപൂർവമായി കാണാറുണ്ട്. 7000 മീറ്റർ ആഴത്തിൽവരെ ഇവയെ കാണാമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വകുപ്പിലെ ഡോ. പി.ആർ. ജയചന്ദ്രൻ, എം. ജിമ, ബ്രസീൽ സാവോപോളോ സർവകലാശാലയിലെ മാർസെൽ വെലാസ് ക്വെസ് എന്നിവരാണിത് കണ്ടെത്തിയത്. ഈ കക്കകൾ അവയുടെ തോട് ഉപയോഗിച്ച് മരംതുരന്ന് ചെറു തരികളാക്കി ഭക്ഷിക്കുകയാണ് ചെയ്യുന്നത്. സൈലോഫാഗ എന്ന വാക്കിന്റെ അർഥം ‘തടി ഭക്ഷണമാക്കുന്ന’ എന്നാണ്. ഈ കക്ക ഭക്ഷ്യയോഗ്യമല്ല.

സൈലോഫാഗ നന്ദാനി എന്നാണിതിന് പേരിട്ടത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്കൂൾ ഓഫ് മറൈൻ സയൻസ് ഡീനും പ്രശസ്ത പരിസ്ഥിതി ഗവേഷകനുമായ ഡോ. എസ്.ബിജോയ് നന്ദനെ ആദരിച്ചാണ് ഈ പേര് നൽകിയത്‌. ഈ കണ്ടെത്തൽ രാജ്യാന്തര ശാസ്ത്രമാസിക മറൈൻ ബയോ ഡൈവേഴ്സിറ്റിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related Articles

Back to top button