IndiaLatest

18 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

“Manju”

മുംബൈ: മഹാരാഷ്ട്രയില്‍ 18 എംഎല്‍എമാര്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുടേയും ശിവസേനയുടേയും (ഷിന്ദേ വിഭാഗം) ഒന്‍പത് എംഎല്‍എമാര്‍ വീതമാണ് സത്യപ്രതിജ്ഞ ചെയ്തത്. മുംബൈയിലായിരുന്നു വിപുലമായ ചടങ്ങുകള്‍.

ഏക്‌നാഥ് ഷിന്ദേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് 40 ദിവസം പിന്നിടുമ്പോഴാണ് മന്ത്രിസഭാവികസനം നടന്നിരിക്കുന്നത്. ഇതുവരെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസുമായിരുന്നു ഭരണകാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.

ബി.ജെ.പി.യില്‍നിന്ന് ചന്ദ്രകാന്ത് പാട്ടീല്‍, സുധീര്‍ മുങ്കത്തിവാര്‍, ഗിരീഷ് മഹാജന്‍, സുരേഷ് ഖാദേ, രാധാകൃഷ്ണ വിഖേ പാട്ടീല്‍, രവീന്ദ്ര ചവാന്‍, മംഗള്‍ പ്രഭാത് ലോധ, വിജയകുമാര്‍ ഘവിത്, അതുല്‍ സാവേ എന്നിവരും ശിവസേനയില്‍നിന്ന് ദാദാ ഭുസെ, ഉദയ് സാമന്ത്, ഗുലാബ്റാവു പാട്ടീല്‍, ശംഭുരാജേ ദേശായ്, സന്ദീപന്‍ ഭുംറെ, സഞ്ജയ് റാത്തോഡ്, തനാജി സാവന്ത്, ദീപക് കേരസര്‍കര്‍, അബ്ദുള്‍സത്താര്‍ എന്നിവരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. വകുപ്പുകള്‍ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന് ആഭ്യന്തര വകുപ്പിന്റെ ചുമതല ലഭിച്ചേക്കുമെന്ന് സൂചനകളുണ്ട്.

മന്ത്രിസഭാ വികസനം വൈകിയത് പ്രതിപക്ഷത്തിന്റെ രൂക്ഷവിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഞായറാഴ്ചയോടെ മന്ത്രിസഭ വികസിപ്പിക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടെങ്കിലും അതുണ്ടായില്ല. ഇക്കാര്യത്തില്‍ അന്തിമചര്‍ച്ചയ്ക്കായി ബി.ജെ.പി. നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നവിസ് ഡല്‍ഹിയിലേക്ക് പോയതും മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വിശ്രമിക്കേണ്ടിവന്നതുമാണ് തീരുമാനം നീണ്ടുപോകാന്‍ കാരണമെന്നാണ് സൂചന. ഉദ്ധവ് താക്കറെ പക്ഷത്തുനിന്ന് ഏക്നാഥ് ഷിന്ദേ പക്ഷത്തേക്ക് 40 എം.എല്‍..മാര്‍ കൂറുമാറി എത്തിയതോടെയാണ് ഉദ്ധവ് സര്‍ക്കാരിന് രാജിവെക്കേണ്ടിവന്നത്. കൂറുമാറ്റവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതും മന്ത്രിസഭാവികസനം നീളാന്‍ കാരണമായി. മന്ത്രിമാര്‍ ഇല്ലാത്തതിനാല്‍ പല വകുപ്പുകളുടേയും പ്രവര്‍ത്തനം നിശ്ചലാവസ്ഥയിലാണ്.

മന്ത്രിസഭാ വികസനത്തിന് പിന്നാലെ ബുധനാഴ്ച മുതല്‍ മഹാരാഷ്ട്ര നിയമസഭയുടെ വര്‍ഷകാലസമ്മേളനം ആരംഭിക്കും. 18-വരെയാണ് സമ്മേളനം.

 

Related Articles

Back to top button