KeralaLatest

ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച്‌ പരമാധ്യക്ഷന്റെ സംസ്‌കാരം തിരുവല്ലയില്‍ നടക്കും

“Manju”

 

തിരുവല്ല: അമേരിക്കയിലെ ഡാളസില്‍ അപകടത്തില്‍ മരിച്ച ബിലീവേഴ്സ് ഈസ്റ്റേണ്‍ ചർച്ച്‌ പരമാധ്യക്ഷൻ മോർ അത്താനാസിയോസ് യോഹാൻ പ്രഥമന്റെ ഭൗതിക ശരീരം സഭാ ആസ്ഥാനമായ കുറ്റപ്പുഴയിലെത്തിച്ച്‌ ശുശ്രൂഷകള്‍ നടത്തും. രാത്രി ചേർന്ന എപ്പിസ്‌കോപ്പല്‍ കൗണ്‍സില്‍ യോഗത്തിന്റേതാണ് തീരുമാനം.

മെത്രാപ്പൊലീത്തയുടെ ഭൗതികശരീരം നിയമപ്രകാരമുള്ള നടപടി ക്രമങ്ങള്‍ പൂർത്തിയാക്കി 10 ദിവസത്തിനുള്ളില്‍ നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളില്‍ അറിയിച്ചു. സംസ്‌കാരത്തീയതി ഇന്ന് അറിയാൻ കഴിയും. അമേരിക്കയില്‍ മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂർത്തിയാക്കുന്നതിന് സമയം വേണം.

സംസ്‌കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നതിനും പുതിയ മെത്രാപ്പൊലീത്തയെ അവരോധിക്കുന്നത് വരെ സഭയുടെ ഭരണപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഒമ്പതംഗ എപ്പിസ്‌കോപ്പല്‍ ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സഭാ വക്താവ് പറഞ്ഞു.

ചെന്നൈ അതിഭദ്രാസനാധിപൻ സാമുവല്‍ മോർ തെയോഫിലോസ് മെത്രാപ്പൊലീത്തയായിരിക്കും ഈ സംഘത്തെ നയിക്കുക. യോഗത്തില്‍ ഇന്ത്യയിലെ എപ്പിസ്‌കോപ്പമാർ സഭാ ആസ്ഥാനത്ത് നിന്നും അമേരിക്കയിലും മറ്റ് രാജ്യങ്ങളിലും നിന്നുമുള്ള എപ്പിസ്‌കോപ്പമാർ ഓണ്‍ലൈനായും പങ്കെടുത്തു.

യുഎസിലെ ടെക്‌സാസില്‍ വെച്ച് വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെ ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് മെയ് 8 നായിരുന്നു അന്ത്യം. പ്രഭാതസവാരിക്കിടെ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകുന്നേരം 5.25 ഓടെയായിരുന്നു അപകടം.

ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ ടെക്സാസിലെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്ന കാമ്പസാണ് സാധാരണഗതിയില്‍ പ്രഭാതസവാരിക്കായി അദ്ദേഹം തിരഞ്ഞെടുക്കുക. എന്നാല്‍ ചൊവ്വാഴ്ച രാവിലെ പ്രഭാതസവാരിക്കായി കാമ്പസിന് പുറത്തേക്കാണ് പോയത്. നാല് ദിവസം മുമ്പാണ് അദ്ദേഹം അമേരിക്കയിലെത്തിയത്.

Related Articles

Back to top button