IndiaLatest

കന്യാകുമാരിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി

“Manju”

കന്യാകുമാരി: കടുത്ത വേനല്‍മഴയും ന്യുനമർദവും കാരണം കന്യാകുമാരി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കഴിഞ്ഞ 8 ദിവസങ്ങളായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി. ഇന്ന് മുതല്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനാനുമതിയുണ്ട് . ഇതോടെ മധ്യവേനലവധിയുടെ അവസാന ദിവസങ്ങളില്‍ ഇവിടെ സഞ്ചാരികളുടെ തിരക്കേറി വരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി പെയ്ത മഴയില്‍ കന്യാകുമാരിക്കടലില്‍ വൻ തിരമാലകളുണ്ടായിരുന്നു . ഇതേത്തുടർന്ന് കടലിന് നടുവില്‍ സ്ഥിതി ചെയ്യുന്ന വിവേകാനന്ദ മണ്ഡപത്തിലേക്കുള്ള ബോട്ട് സർവീസ് റദ്ദാക്കി. കന്യാകുമാരി ജില്ലയില്‍ കനത്ത മഴയ്‌ക്ക് ശമനമായതിനാല്‍ വിവേകാനന്ദ മണ്ഡപത്തിലേക്കുള്ള ബോട്ട് സർവീസ് ഇന്ന് മുതല്‍ പതിവുപോലെ പുനരാരംഭിച്ചു. ധാരാളം സഞ്ചാരികള്‍ ആണ് ബോട്ട് സവാരി ആസ്വദിക്കുന്നത്. കനത്ത മഴയെ തുടർന്ന് പേച്ചിപ്പാറ, ചിറ്റാർ 1, ചിറ്റാർ 2 ഡാമുകളില്‍ ജലനിരപ്പ് ഉയർന്നു. ഇതിനെത്തുടർന്ന് പേച്ചിപ്പാറ അണക്കെട്ടില്‍ നിന്ന് 19ന് ആദ്യഘട്ടത്തില്‍ 500 ഘനയടി വെള്ളം തുറന്നുവിട്ടിരുന്നു.

കനത്ത മഴ തുടരുകയും തൃപ്പരപ്പ് വെള്ളച്ചാട്ടത്തില്‍ ജലനിരപ്പ് ഉയരുകയും ചെയ്തതോടെ കഴിഞ്ഞ 19ന് വിനോദസഞ്ചാരികള്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നത് നഗരസഭാ ഭരണസമിതി വിലക്കി. ഇന്നലെ വരെ 8 ദിവസമായി നിരോധനാജ്ഞ തുടർന്നു വന്നു. മഴ കുറഞ്ഞതിനെതുടർന്നാണ് ഇന്ന് രാവിലെ തൃപ്പരപ്പ് വെള്ളച്ചാട്ടത്തില്‍ വിനോദസഞ്ചാരികളെ കുളിക്കാൻ അനുവദിച്ചിരിക്കുന്നത്. വേനലവധിക്ക് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിനോദസഞ്ചാരികള്‍ കഴിഞ്ഞ 8 ദിവസമായി കുളിക്കാനാകാതെയാണ് മടങ്ങിയിരുന്നത്.

Related Articles

Back to top button