KeralaLatest

കനത്ത മഴ; പ്രവേശനോത്സവം മാറ്റി

“Manju”

 

തിരുവനന്തപുരം: സംസ്ഥാനത്ത് അതി തീവ്രമഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് (മെയ്‌ 30)ന് സംസ്ഥാന തലത്തിലും അംഗൻവാടി തലത്തിലും നടത്താൻ നിശ്ചയിച്ചിരുന്ന പ്രവേശനോത്സവം മാറ്റി വെച്ചതായി വനിതാ ശിശുക്ഷേമ വകുപ്പ് അറിയിച്ചു.

കുട്ടികള്‍ അംഗൻവാടിയില്‍ വരേണ്ട പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും ശിശുക്ഷേമ വകുപ്പ് അറിയിച്ചു. വേനലവധി കഴിഞ്ഞ് കുട്ടികള്‍ അംഗൻവാടിയിലും സ്കൂളിലുമടക്കം പോകാൻ ഒരുങ്ങുന്നതിനിടെയാണ് മഴ ശക്തമായി തുടരുന്നത്. ഈ സാഹചര്യത്തിലാണ് തിയതി മാറ്റാനുള്ള തീരുമാനം.

അതേസമയം, സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തില്‍ എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളം തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത ഒരാഴ്ച മഴയ്ക്ക് സാധ്യതയുണ്ട്. വ്യാപകമായി ഇടി മിന്നലും കാറ്റും ഉണ്ടാവാൻ സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് അതിശക്തമായ മഴയ്ക്കും ജൂണ്‍ 2 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മി.മീ മുതല്‍ 204.4 മി.മീ വരെ മഴ ലഭിക്കാനിടയുണ്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ യെല്ലോ അലർട്ടാണ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

മഴ ശക്തിപ്പെടുന്നതിനാല്‍ സാഹചര്യങ്ങള്‍ വിലയിരുത്തി മലയോര മേഖലയിലേക്കുള്ള രാത്രി യാത്രകള്‍ക്ക് നിയന്ത്രണമെർപ്പെടുത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. വിനോദ സഞ്ചാരികളിലേക്ക് സുരക്ഷാ മുന്നറിയിപ്പുകള്‍ എത്തി എന്നുറപ്പാക്കണം. നിർമ്മാണ പ്രവർത്തനങ്ങളോ അറ്റകുറ്റപ്പണികളോ നടക്കുന്ന ദേശീയ പാത, സംസ്ഥാന പാത, മറ്റ് റോഡുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ബോർഡുകള്‍ യാത്രക്കാർക്ക് കാണുന്ന തരത്തില്‍ ഉണ്ടെന്ന് ഉറപ്പാക്കണം. റോഡുകളില്‍ കുഴികളോ മറ്റ് അപകട സാധ്യതകളോ ഉള്ള ഇടങ്ങളില്‍ അടിയന്തരമായി അപകട സാധ്യത ലഘൂകരിക്കാൻ വേണ്ട ഇടപെടല്‍ നടത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

Related Articles

Back to top button