IndiaLatest

ആധാര്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി വീണ്ടും നീട്ടി

“Manju”

ന്യൂഡല്‍ഹി: ആധാർ കാർഡിലെ വിശദാംശങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി സർക്കാർ വീണ്ടും നീട്ടി. 2024 സെപ്തംബർ 14 വരെ ഫീസില്ലാതെ ആധാർകാർഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു.

ഇതിനോടകം തന്നെ പലതവണ കേന്ദ്രസർക്കാർ സൗജന്യമായി ആധാർ അപ്‌ഡേറ്റ് ചെയ്യാൻ സമയം നല്‍കിയിരുന്നു. ജൂണ്‍ 14 വരെയായിരുന്നു ഇതിനുള്ള അവസാന അവസരമായി സർക്കാർ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ സമയപരിധിയാണ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി നല്‍കിയിരിക്കുന്നത്. സെപ്തംബർ 14 ന് ശേഷം വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ ഫീസ് നല്‍കേണ്ടി വരും.

മൈആധാർ പോർട്ടല്‍ വഴി മാത്രമാണ് സൗജന്യ സേവനം ലഭിക്കുക. ആധാർ എടുത്തിട്ട് 10 വർഷം കഴിഞ്ഞെങ്കില്‍ നിർബന്ധമായും കാർഡ് ഉടമകള്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നിർദേശം.

പേര്,വിലാസം, ജനനതീയതി ,മറ്റ് വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈനായി യുഐഡിഎഐ വെബ്‌സൈറ്റിന്റെ പോർട്ടലില്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം. അതേസമയം, ഫോട്ടോ, ബയോമെട്രിക്,ഐറിസ് തുടങ്ങിയ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ അടുത്തുള്ള ആധാർ കേന്ദ്രങ്ങളില്‍ പോകണം.

2016ലെ ആധാർ എൻറോള്‍മെന്റ്, അപ്ഡേറ്റ് റെഗുലേഷൻസ് അനുസരിച്ച്‌ വ്യക്തികള്‍ ആധാർ എൻറോള്‍മെന്റ് തീയതി മുതല്‍ പത്ത് വർഷത്തിലൊരിക്കല്‍ അവരുടെ ഐഡന്റിറ്റി പ്രൂഫ് (പിഒഐ), അഡ്രസ് പ്രൂഫ് (പിഒഎ) ഡോക്യുമെന്റുകള്‍ എന്നിവ അപ്ഡേറ്റ് ചെയ്യണമെന്ന് വ്യക്തമാക്കുന്നുണ്ട്. കൂടാതെ കുട്ടികളില്‍ അഞ്ച് വയസിനും 15 വയസിനും ഇടയില്‍ അവരുടെ ആധാർ കാർഡില്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും നിർദേശിക്കുന്നുണ്ട്.

 

Related Articles

Back to top button