KeralaLatest

പാട്ടില്‍ കിട്ടും.. സന്തോഷം

“Manju”

പാട്ട് ഇഷ്ടപ്പെടാത്തവര്‍ ആരാണ് ഉള്ളത്. ഓരോ മൂഡിനും ഓരോ പാട്ടാണ് ഉള്ളത്. നമ്മുടെ വികാര വിചാരങ്ങളെ പാട്ട് വളരെയധികം സ്വാധീനിക്കുന്നു. പാട്ട് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള പഠനമാണ് ഇത്.

ചിലര്‍ക്ക് സന്തോഷം കിട്ടണമെങ്കില്‍ നല്ല അടിപൊളി പാട്ടോ മെലഡിയോ കേട്ടാല്‍ മതി. എന്നാല്‍ ദുഖസാന്ദ്രമായ പാട്ട് കേട്ടാലും മാനസികാരോഗ്യവും മൂഡും മെച്ചപ്പെടുമെന്ന് പഠനങ്ങള്‍ പറയുന്നു. സംഗീതമെന്നത് വളരെ വ്യക്തിപരവും തനതും വ്യത്യസ്തവുമായ അനുഭവലോകമാണ് ഓരോരുത്തര്‍ക്കും സമ്മാനിക്കുന്നതെന്നും സങ്കടമുളവാക്കുന്ന പാട്ട് പോലും മനസ്സിനെ വിമലീകരിക്കുമെന്നും ജേണല്‍ ഓഫ് ഏസ്റ്റെറ്റിക് എജ്യുക്കേഷനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഒക്‌സ്ഫഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്. ശോകപൂര്‍ണ്ണമായ ഗാനം ചിലപ്പോള്‍ നമ്മളിലെ ദുഖങ്ങളെ തൊട്ടുണര്‍ത്തിയാലും അതുമായി നമുക്ക് തോന്നുന്ന ആ ബന്ധം മാനസികാരോഗ്യത്തിന് നല്ലതാണെന്നാണ് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നത്. ദുഖകരമായ കാര്യങ്ങളെ കുറിച്ച് തീവ്രമായ സംഭാഷണങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കിടയില്‍ ഉണ്ടാകുന്ന മാനസികൈക്യം പോലെ എന്തോ ഒന്ന് ദുഖകരമായ സംഗീതവും മനുഷ്യമനസ്സുകളും തമ്മിലുണ്ടാകുന്നുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ജനങ്ങള്‍ ശോകപൂര്‍ണ്ണമായ ഗാനം കേള്‍ക്കുന്നത് അവര്‍ സങ്കടപ്പെട്ടിരിക്കുമ്പോള്‍ തന്നെയാകണമെന്നില്ലെന്നും മുന്‍പഠനങ്ങളെ ഉദ്ധരിച്ച് ഗവേഷകര്‍ പറയുന്നു. 2014ല്‍ നടത്തിയ ഒരു പഠനത്തില്‍ പങ്കെടുത്ത മൂന്നിലൊന്ന് പേരും അവര്‍ പോസിറ്റീവായിരിക്കുമ്പോള്‍ ശോകപൂര്‍ണ്ണായ സംഗീതം ആസ്വദിക്കാറുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു. ശോകപൂര്‍ണ്ണമായ സംഗീതം വിഷാദവും ദുഖവും മാത്രമല്ല ചിലപ്പോഴൊക്കെ മധുരമായ ഒരു നോവും മനസ്സില്‍ ഉണര്‍ത്തി വിടാം. മറ്റ് സമയത്ത് ചിന്തിച്ചു കൊണ്ടിരിക്കാന്‍ നമ്മെ കൊണ്ട് സാധിക്കാത്ത ഒരു വികാരവുമായി സമരസപ്പെട്ട് കൊണ്ട് കുറച്ച് നേരം ഇരിക്കാന്‍ ആ വികാരം ഉണര്‍ത്തുന്ന സംഗീതത്തിന്റെ കൂട്ടുണ്ടെങ്കില്‍ കഴിയും. ഇത് വൈകാരികമായി നമ്മെ സഹായിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. നമുക്ക് നമ്മളുമായി ഒരു ആത്മബന്ധം സ്ഥാപിക്കാനും നമ്മുടെ വൈകാരികമായ അനുഭവങ്ങളെ പറ്റി വിചിന്തനം നടത്താനും ദുഖസാന്ദ്രമായ പാട്ട് കേള്‍ക്കുമ്പോള്‍ കഴിയുമെന്നും ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

Related Articles

Back to top button