IndiaLatest

ഇന്ത്യന്‍ ടീമിന് മുംബൈയില്‍ രാജകീയ വരവേല്‍പ്പ്.

“Manju”

ടി20 ലോകകപ്പ് നേടി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ രാജകീയ വരവേല്‍പ്പ്. മുംബൈ വിമാനത്താവളത്തിലെത്തിയ രോഹിത് ശര്‍മയെയും സംഘത്തെയും വലിയ ആഹ്ലാദാരവങ്ങളോടെയാണ് ജനസാഗരം വരവേറ്റത്. വിശ്വകിരീടം നേടിയ ടീമിന് ആശംസകളര്‍പ്പിക്കാന്‍ മഴയെ വകവയ്ക്കാതെ ജനസാഗരങ്ങളാണ് മുംബൈയില്‍ തടിച്ചുകൂടിയത്. മറൈന്‍ ഡ്രൈവ് മുതല്‍ വാംഖഡെ സ്റ്റേഡിയംവരെ ഓപ്പണ്‍ ബസില്‍ നടന്ന വിക്ടറി പരേഡില്‍ തടിച്ചുകൂടിയ ജനസഞ്ചയം ടീമംഗങ്ങള്‍ക്ക് സ്നേഹത്തിന്റെ പൂച്ചെണ്ടുകള്‍ നല്‍കി. പരേഡ് വാംഖഡെയിലേക്ക് കടന്നതിനു പിന്നാലെ സ്റ്റേഡിയത്തിനകത്തെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ബി.സി.സി.ഐ.യുടെ ഔദ്യോഗിക അനുമോദനച്ചടങ്ങായിരുന്നു വാംഖഡെയില്‍ അരങ്ങേറിയത്. ചടങ്ങില്‍ നേരത്തേ വാഗ്ദാനം ചെയ്ത 125 കോടി രൂപയുടെ ചെക്ക് ബി.സി.സി.ഐ. ടീമംഗങ്ങള്‍ക്ക് കൈമാറി. ഇന്നലെ രാവിലെ ആറരയോടെയാണ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ ബോയിംഗ് 777 വിമാനത്തില്‍ ബാര്‍ബഡോസില്‍ നിന്ന് ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. നേരെ ഹോട്ടലിലേക്ക് പോയ ടീം അംഗങ്ങള്‍ പിന്നീട് പ്രധാനമന്ത്രിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ചശേഷമാണ് താരങ്ങള്‍ മുംബൈയിലേക്ക് വിമാനം കയറിയത്. വിസ്താര വിമാനത്തില്‍ മുംബൈയിലെത്തിയ ഇന്ത്യന്‍ ടീമിന് വാട്ടര്‍ സല്യൂട് നല്‍കിയാണ് അഗ്നിശമനസേന വിമാനത്താവളത്തില്‍ സ്വീകരിച്ചത്.

Related Articles

Back to top button