ലഖ്നോ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഓക്സിജന്‍ ക്ഷാമമുള്‍പ്പെടെ രൂക്ഷ വിമര്‍ശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേന്ദ്രമന്ത്രി സന്തോഷ് ഗാങ്വാറിന്റെ കത്ത്. ഓക്സിജന്‍ ദൗര്‍ലഭ്യം , വെന്റിലേറ്ററുകളുടെയും മറ്റു മെഡിക്കല്‍ ഉപകരണങ്ങളുടെയും കരിഞ്ചന്ത തുടങ്ങിയവ കത്തില്‍ ചൂണ്ടിക്കാട്ടി . തലസ്ഥാന നഗരത്തില്‍നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള സന്തോഷിന്റെ മണ്ഡലമായ ബറേലിയില്‍ സ്ഥിതി ഗുരുതരമാണെന്നും കത്തില്‍ പറയുന്നു.
ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമമുണ്ടെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കുമെന്ന് യോഗി ആദിത്യനാഥ് പ്രസ്താവനയിറക്കിയതിന് പിന്നാലെയാണ് മന്ത്രിയുടെ കത്ത്. സന്തോഷ് ഗാങ്വാറിന്റെ ലോക്സഭ മണ്ഡലമാണ് ബറേലി. ബറേലിയില്‍ ഓക്സിജന്‍ ക്ഷാമമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം അവിടെ വെന്റിലേറ്ററുകളും മറ്റു മെഡിക്കല്‍ ഉപകരണങ്ങളും കരിഞ്ചന്തയില്‍ വില്‍ക്കുകയാണെന്നും ആരോപിച്ചു. ആരോഗ്യ വകുപ്പ് അധികൃതര്‍ ഫോണ്‍ കോളുകള്‍ പോലും എടുക്കുന്നില്ല, കോവിഡ് രോഗികളെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം കത്തില്‍ പരാതിപ്പെടുന്നു.
അതെ സമയം ബറേലിയിലെ ആശുപത്രികളില്‍ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കണമെന്ന് യോഗിക്ക് നിര്‍ദേശം നല്കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജനങ്ങളില്‍ നിന്ന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു, അത് മുഖ്യമന്ത്രിയെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു കത്തിനെക്കുറിച്ച് സന്തോഷിന്റെ പ്രതികരണം.
എന്നാല്‍ യുപിയില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്ന് യോഗി ആദിത്യനാഥ് പ്രസ്താവിച്ചിരുന്നു.
സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്നും എല്ലാ കോവിഡ് രോഗികള്‍ക്കും ഓക്സിജന്‍ സൗകര്യം വേണ്ടെന്നും അതിനാല്‍ തന്നെ സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമമുണ്ടെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നായിരുന്നു യോഗി ആദിത്യനാഥ് നേരത്തേ വ്യക്തമാക്കിയിരുന്നത്. ഇതിനിടെ യോഗിയുടെ വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു കേന്ദ്രമന്ത്രിയുടെ കത്ത്.