ചൊവ്വയിലെ രാത്രികാല ചിത്രം പകര്‍ത്തി ഹോപ്പ്
ദുബൈ: യു.എ.ഇയുടെ ചൊവ്വാദൗത്യ പേടകമായ ഹോപ്പ് ചൊവ്വയുടെ അപൂര്‍വ ചിത്രം പകര്‍ത്തി. ഗ്രഹത്തിന്റെ രാത്രികാല അന്തരീക്ഷത്തിലെ വ്യത്യസ്തമായ അറോറ (ധ്രുവദീപ്തി) യുടെ ചിത്രമാണ് പകര്‍ത്തിയത്. ഭൂമിയില്‍ സംഭവിക്കുന്ന ഉത്തരധ്രുവത്തിലെ അറോറ പ്രതിഭാസത്തിന് സമാനമായ പ്രകാശത്തിന്റെ ചിത്രമാണ് ലഭിച്ചത്. സൗരവികിരണം, ചൊവ്വയുടെ കാന്തികഭാഗങ്ങള്, അന്തരീക്ഷം എന്നിവ തമ്മിലുള്ള ബന്ധം മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞരെ ഈ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സൂര്യനും ചൊവ്വയും തമ്മിലെ പഠനത്തിന്റെ മേഖലയില്‍ ശാസ്ത്രത്തിന് വലിയ സാധ്യതകള്‍ തുറക്കുന്ന കണ്ടെത്തലാണിതെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.
കണ്ടെത്തല്‍ ആഗോളതലത്തില്‍ വളരെ സുപ്രധാനമാണെന്നും ആദ്യമായാണ് ഈ വിഷയത്തില്‍ വ്യക്തമായ നിരീക്ഷണത്തിന് സാധിക്കുന്നതെന്നും ഹോപ്പ് ദൗത്യത്തിന്റെ മേധാവി ഹെസ്സ മത്രൂഷി പറഞ്ഞു. പത്ത് മിനിറ്റ് നിരീക്ഷണത്തിലൂടെ ചൊവ്വയുടെ അറോറകളെക്കുറിച്ച പത്തുവര്‍ഷത്തെ പഠനം പൂര്‍ണമായും മറികടക്കാന്‍ സാധിച്ചതായി ചിത്രത്തെ കുറിച്ച് ഇമാറാത്ത് ചൊവ്വാ ദൗത്യത്തിന്റെ ഡെപ്യൂട്ടി സയന്‍സ് ലീഡ് ആയ ജസ്റ്റിന് ഡീഗന് പറഞ്ഞു.
നേരത്തെ സ്വപ്നം കാണാന്‍ മാത്രം കഴിഞ്ഞിരുന്ന ചൊവ്വാ പഠനത്തിന്റെ മേഖലകളിലേക്ക് നയിക്കാന്‍ പര്യാപ്തമായ കണ്ടുപിടിത്തമാണിതെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയുടെ പ്രോബ് ദൗത്യത്തിെന്റ യഥാര്‍ഥ ഉദ്ദേശ്യത്തിനും അപ്പുറമുള്ള അത്ഭുതപ്പെടുത്തുന്ന നിരീക്ഷണമാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ചൊവ്വക്ക് മൂന്നുതരം അറോറകളുണ്ടെന്ന് നേരത്തെ നാസ കണ്ടെത്തിയിരുന്നു.ഇവയിലെ പകല്‍നേരത്തെ പ്രതിഭാസം മാത്രമാണ് വിശദമായി പഠിക്കാന്‍ സധിച്ചിട്ടുള്ളത്. അപൂര്‍വമായി മാത്രമാണ് രാത്രികാല അറോറ പകര്‍ത്താന്‍ സാധിക്കുന്നത്. ഹോപ്പ് പ്രോബിന്റെ പ്രത്യേക സവിശേഷതയാണ് ഇതിന് സഹായകമായത്.
ഭൂമിയിലെ അറോറ -അറോറ അഥവാ ധ്രുവദീപ്തി
സൂര്യനില്‍ നിന്നുള്ള കണവികിരണങ്ങള് കാരണമായി സംഭവിക്കുന്ന പ്രത്യേക പ്രകാശമാണ് അറോറ.ഭൂമിയില്‍ സാധാരണ രാത്രിയുടെ അവസാനത്തില്‍ ഈ വെളിച്ചം കാണാറുണ്ട്. ആകാശത്ത് പടര്ന്നുനില്ക്കുന്ന ഈ വെളിച്ചം പലപ്പോഴും മനോഹരമായ കാഴ്ചയായിരിക്കും.
ചൊവ്വയിലെ അറോറ പകര്‍ത്തുന്നതിലൂടെ സൂര്യനും ചൊവ്വയും തമ്മിലുള്ള ബന്ധത്തെ കുറിച്ച പഠനത്തില്‍ ഏറെ മുന്നോട്ടുപോകാന്‍ കഴിയും.