ചിറയിന്‍കീഴ് : നിത്യഹരിത നായകന് പ്രേംനസീറിന്റെ വീട് വില്പനയ്ക്ക്. 1956 ല്‍ ചിറയിന്‍കീഴ് കൂന്തള്ളൂരിലെ ‘ലൈല കോട്ടേജ്’ ആണ് വില്‍ക്കുന്നത്. നസീര്‍ മകള്‍ ലൈലയുടെ പേരില്‍ നിര്‍മിച്ച ഈ സ്വപ്നഗ്രഹം അമേരിക്കയിലുള്ള അവകാശികളാണ് വില്പനയ്ക്ക് വയ്ക്കുന്നത്. പ്രേംനസീറിന്റെ ഇളയമകള്‍ റീത്തയുടെ മകള്‍ രേഷ്മയുടെ ഉടമസ്ഥതയിലാണ് 50 സെന്റിലുള്ള ഈ വീട്. ചിറയിന്‍കീഴിലെ ആദ്യ ഇരുനില വീട് കൂടിയാണ് ഇത്.
എട്ട് കിടപ്പുമുറികളുള്ള ഈ വീടിന് കോടികള്‍ വിലവരും. ഈ വീട്ടിലാണ് പ്രേം നസീര്‍ ഭാര്യ ഹബീബ ബീവി, മക്കളായ ലൈല, റസിയ, ഷാനവാസ്, റീത്ത എന്നിവര്‍ക്കൊപ്പം താമസിച്ചിരുന്നത്. എന്നാല്‍ ഏറെക്കാലമായി വീട് പൂട്ടിയിട്ട നിലയിലാണ്. കാലപ്പഴക്കം കാരണം വീട് കാട് പിടിച്ച നിലയിലാണ്.