തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ സ്ഥാനം രാജിവച്ച എം. ബി. രാജേഷ് ഇന്ന് (6/9) രാവിലെ 11 മണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
എ.എന്‍. ഷംസീറിനെ പുതിയ സ്പീക്കറായി തിരഞ്ഞെടുക്കുന്നതിനുള്ള പ്രത്യേക നിയമസഭാസമ്മേളനം 12ന് രാവിലെ 10 മണിക്ക് ചേരും.
ഈ മാസം ഒന്നിന് അവസാനിച്ച നിയമസഭാസമ്മേളനത്തിന്റെ തുടര്‍ച്ചയായിട്ടാണ് 12ന്റെ സമ്മേളനവും. ആ സമ്മേളനം മന്ത്രിസഭ ചേര്‍ന്ന് പ്രറോഗ് ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ 12ന്റെ സമ്മേളനത്തിനായി മന്ത്രിസഭ വീണ്ടും ഗവര്‍ണറോട് ശുപാര്‍ശ ചെയ്യേണ്ടതില്ല.
പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ നിറുത്താനാണ് ആലോചിക്കുന്നത്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയില്ലെങ്കില്‍ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ഒരു മണിക്കൂര്‍ കൊണ്ട് അവസാനിക്കും. സ്ഥാനാര്‍ത്ഥിയെ നിറുത്തിയാല്‍ രഹസ്യ ബാലറ്റിലൂടെ വോട്ടെടുപ്പ് നടത്തും. തുടര്‍ന്ന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കുന്നതോടെ തിരഞ്ഞെടുക്കപ്പെട്ട സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അനുമോദിച്ച് സംസാരിക്കും. പുതിയ സ്പീക്കറുടെ പ്രസംഗത്തിന് ശേഷം സഭ പിരിയും.