ശ്രീജ.എസ്
ന്യൂഡല്‍ഹി : ഡീസല്‍ വില കുറയ്ക്കാന്‍ തീരുമാനിച്ച് ഡല്‍ഹി സര്‍ക്കാര്‍. ഡീസലിന് 30 ശതമാനത്തില്‍ നിന്ന് മൂല്യവര്‍ദ്ധിത നികുതി 16.75 ശതമാനമായി കുറയ്ക്കാനാണ് മന്ത്രിസഭാ തീരുമാനം. ഡല്‍ഹിയില്‍ ഡീസലിന്റെ വില 82 രൂപയില്‍ നിന്ന് 73.64 രൂപയായി കുറയും. ലിറ്ററിന് 8.36 രൂപ കുറവുണ്ടാകുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു.
ഡല്‍ഹിയിലെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നിരവധി നടപടികളില്‍ ഒന്നാണിത്. തൊഴില്‍ സാദ്ധ്യതയ്ക്കായി ഈ ആഴ്ച ആദ്യം സര്‍ക്കാര്‍ ഒരു പോര്‍ട്ടല്‍ ആരംഭിച്ചിരുന്നുവെന്ന് കെജ്രിവാള് വ്യക്തമാക്കി. ഡല്‍ഹിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 80 രൂപ 43 പൈസയാണ്. എന്നാല്‍ ഡീസലിന് 81.94 രൂപയാണ്.
നിലവില്‍ രാജ്യ തലസ്ഥാനത്ത് പെട്രോളിനേക്കാള്‍ മുകളിലാണ് ഡീസലിന്റെ വില. രാജ്യത്തിന്റെ മറ്റെല്ലാ പ്രദേശങ്ങളിലും ഡീസല്‍ വില പെട്രോളിന് താഴെ നില്‍ക്കുമ്പോഴാണ് ഡല്‍ഹിയിലെ വില വ്യത്യാസം.