LatestThiruvananthapuram

സച്ചിയുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്; ഓര്‍മ്മകളുമായി പ്രമുഖർ

“Manju”

സംവിധായകന്‍ സച്ചി അകാലത്തില്‍ പൊലിഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം. സച്ചിയുടെ ഓര്‍മ്മകളുമായി ‘അയ്യപ്പനും കോശിയും’ സിനിമയില്‍ നിന്നും പൃഥ്വിരാജും, ബിജു മേനോനും, ലാലും, നഞ്ചമ്മയും, പഴനിസ്വാമിയും എത്തുന്നു.

സച്ചിക്കൊപ്പം നില്‍ക്കുന്ന ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഓര്‍മ്മയാണ് പൃഥ്വിരാജിന്റെ പോസ്റ്റ്. ‘പൊട്ടിച്ചിരികള്‍, ആശയങ്ങള്‍, കഥകള്‍, വിശ്വാസം. സച്ചി… ഒരാണ്ട്’ എന്നാണ് പൃഥ്വിരാജിന്റെ വാക്കുകള്‍.
“എപ്പോഴും മനസ്സില്‍, എന്നെന്നും ഹൃദയത്തില്‍, എന്റെ ആത്മസുഹൃത്ത്, എന്റെ പ്രിയപ്പെട്ട സുഹൃത്ത്,” സച്ചിയെ മിസ് ചെയ്യുന്നു എന്ന് ബിജു മേനോന്‍ കുറിച്ചു.
“സാഗരം മനസ്സിലുണ്ടെങ്കിലും, കരയുവാന്‍ ഞങ്ങളില്‍ കണ്ണുനീരില്ല,” നടനും സംവിധായകനുമായ ലാലിന്‍റെ വാക്കുകള്‍.
“സച്ചി സാര്‍ പോയിട്ട് ഇന്നേക്ക് ഒരു വര്‍ഷമാകുന്നു. ‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലൂടെ എനിക്കും നഞ്ചമ്മചേച്ചിക്കും വലിയ അവസരങ്ങള്‍ നല്‍കിയ, അട്ടപ്പാടി എന്ന ഭൂപ്രദേശത്തെ വെള്ളിത്തിരയില്‍ അനശ്വരമാക്കിയ ആ വലിയ മനുഷൃന്‍റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഞങ്ങള്‍ ശിരസ് കുനിക്കുന്നു. സ്മരണാജ്ഞലികള്‍,” നഞ്ചമ്മക്കു വേണ്ടി പഴനിസ്വാമി കുറിച്ചു.
സച്ചി ഏറ്റവും അവസാനമായി പുറത്തിറക്കിയ സിനിമയാണ് ‘അയ്യപ്പനും കോശിയും’. അദ്ദേഹം സംവിധാനം ചെയ്ത സിനിമ 2020 ലെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു. പൃഥ്വിരാജും ബിജു മേനോനുമാണ് നായകന്മാര്‍.

ഈ സിനിമ അട്ടപ്പാടിയിലെ നാടന്‍പാട്ട് കലാകാരിയായ നഞ്ചമ്മയെ വെള്ളിത്തിരയിലെ അറിയപ്പെട്ട കലാകാരിയാക്കി.

“ആട് മാട് മേച്ച്‌ നടന്ന എന്നെ, സച്ചി സാറാണ് നാട്ടില്‍ അറിയുന്ന ആളാക്കി മാറ്റിയത്. എനിക്കറിയില്ല എന്ത് പറയണമെന്ന്, കുറച്ച്‌ ദിവസം മുന്‍പ് കാണാന്‍ വരുമെന്ന് പറഞ്ഞിരുന്നു. ഈ മരണം സഹിക്കാനാവുന്നില്ല,” സച്ചിയുടെ വിയോഗത്തില്‍ നഞ്ചമ്മ പറഞ്ഞ വാക്കുകളാണിത്.

വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു സച്ചി വിധേയനായിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്. 2020 ജൂണ്‍ 16ന് പുലര്‍ച്ചെയാണ് സച്ചിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്നും ഹൈപോക്സിക് ബ്രെയിന്‍ ഡാമേജ് (എന്തെങ്കിലും കാരണത്താല്‍ തലച്ചോറിലേക്ക് ഓക്സിജന്‍ എത്താത്ത അവസ്ഥ) സംഭവിക്കുകയുമായിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

നിയമ ബിരുദധാരിയായ സച്ചി സുഹൃത്ത് സേതുവുമൊന്നിച്ച്‌ സച്ചി – സേതു എന്ന പേരില്‍ ചോക്കളേറ്റ് ( 2007) , റോബിന്‍ഹുഡ് ( 2009 ) , സീനിയേഴ്സ് (2011) , മെയ്ക്കപ്പ് മേന്‍ ( 2011 ), ഡബിള്‍സ് ( 2011 ) എന്നീ സിനിമകള്‍ക്ക് ശേഷം സ്വതന്ത്ര രചയിതാവായി റണ്‍ ബേബി റണ്‍ ( 2012 ), ചേട്ടായീസ് ( 2012 ) , രാമലീല ( 2017 ), ഡ്രൈവിംഗ് ലൈസന്‍സ് ( 2019 ) എന്നി ചിത്രങ്ങള്‍ ചെയ്തു . 2017 ല്‍ ഷെര്‍ലക്ക് ടോംസ് എന്ന ചിത്രത്തില്‍ സഹ രചയിതാവായി .

അനാര്‍ക്കലി ( 2015 ), അയ്യപ്പനും കോശിയും (2020 ) എന്നിവയാണ് എഴുതി സംവിധാനം ചെയ്ത സിനിമകള്‍.കവി , തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് , ചലച്ചിത്ര നിര്‍മ്മാതാവ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Articles

Back to top button