India

നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണ കളളക്കടത്ത്:  84 പേർ പിടിയിൽ

“Manju”

ന്യൂഡൽഹി: നേപ്പാളിൽ നിന്ന് അതിർത്തി വഴി ഇന്ത്യയിലേക്കുളള പെട്രോൾ, ഡീസൽ കളളക്കടത്ത് വർദ്ധിക്കുന്നു. കഴിഞ്ഞ ആറ് മാസങ്ങൾക്കുളളിൽ ഇത്തരത്തിൽ ഇന്ധന കടത്ത് നടത്തിയ സംഭവങ്ങളിൽ 84 പേരെ അറസ്റ്റ് ചെയ്തതായും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയിൽ അറിയിച്ചു.

നേപ്പാളുമായി അതിർത്തി പങ്കിടുന്ന ബിഹാർ വഴിയാണ് കളളക്കടത്ത് അധികവും നടക്കുന്നത്. ഇങ്ങനെ കടത്തിക്കൊണ്ടുവന്ന 9834 ലിറ്റർ ഡീസലും 245 ലിറ്റർ പെട്രോളും ഇതുവരെ സുരക്ഷാസേന പിടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യ-നേപ്പാൾ അതിർത്തി കാക്കുന്ന സശസ്ത്ര സീമാബൽ ഇതിനായി കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പട്രോളിംഗും പരിശോധനകളും കർശനമാക്കുന്നുണ്ട്.

ഇരുരാജ്യങ്ങളിലെയും വിലവ്യത്യാസമാണ് കളളക്കടത്തിന് പ്രേരിപ്പിക്കുന്നത്. ബിഹാറിലെ പല ജില്ലകളിലും ഇത്തരത്തിൽ കടത്തിക്കൊണ്ടു വരുന്ന പെട്രോളിന്റെയും ഡീസലിന്റെയും വിൽപനയും വൻ തോതിൽ സജീവമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈസ്റ്റ് ചമ്പാരൻ, വെസ്റ്റ് ചമ്പാരൻ, അറാരിയ ജില്ലകളിലാണ് കൂടുതലും ഈ ഇടപാടുകൾ നടക്കുന്നത്.

ബിഹാറിൽ നിന്നുളള ബിജെപി എംപിയും മുൻ ബിഹാർ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദിയുടെ ചോദ്യത്തിന് എഴുതി നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Related Articles

Back to top button