ലക്നൗ: ഉത്തര്‍പ്രദേശില്‍ 24 കാരന് എട്ടു വയസുകാരനെ കൊലപ്പെടുത്തി. എട്ടു വയസുകാരന്റെ ചേച്ചിയെ വിവാഹം ചെയ്ത് തരണമെന്ന ആവശ്യം വീട്ടുകാര്‍ തളളിയതാണ് പ്രകോപനത്തിന് കാരണം. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. എട്ടു വയസുകാരന് താമസിക്കുന്ന പ്രദേശത്ത് തന്നെയാണ് പ്രതിയായ ബാബു താമസിക്കുന്നത്. ബുധനാഴ്ച മുതല്‍ ആണ്‍കുട്ടിയെ കാണാനില്ല എന്ന് കാണിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.രാത്രി ഏറെ നേരമായിട്ടും എട്ടു വയസുകാരന് വീട്ടില്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തെരച്ചില്‍ തുടങ്ങി. ഈ സമയത്ത് ബാബുവും അവന്റെ വീട്ടില്‍ ഇല്ലായെന്ന് എട്ടുവയസുകാരന്റെ വീട്ടുകാര്‍ മനസിലാക്കി. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.