KeralaLatest

ശ്രീകുമാര്‍ ; സ്നേഹത്തിന്റെയും ആത്മാർത്ഥതയുടെയും പര്യായം…

ദിവംഗതനായ ആത്മബന്ധു ശ്രീകുമാറിനെ അനുസ്മരിച്ച് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

സ്നേഹത്തിന്റെയും നിസ്സീമമായ ആത്മാർത്ഥതയുടെയും പര്യായംഗുരുവിലേക്ക് നടന്നുപോയ ശ്രീകുമാറിനെ അങ്ങനെയേ വിശേഷിപ്പിക്കാനാവൂ. ശുഭ്രവസ്ത്രധാരിയായി പുഞ്ചിരിച്ച മുഖത്തോടെ അദ്ദേഹം ആശ്രമത്തിന്റെ കാര്യങ്ങൾക്കായി സദാ ഓടി നടന്നു. എതു കാര്യമായാലും തികഞ്ഞ ആത്മവിശ്വാസത്തോടെ അത് ഏറ്റെടുക്കുന്ന പ്രകൃതമായിരുന്നു. ആശ്രമത്തിന്റെയും ബ്രാഞ്ചുകളിലേയും നിർമ്മാണ പ്രവർത്തന മേഖലയിൽ അദ്ദേഹത്തിന്റെ നിറഞ്ഞ സാന്നിധ്യം എപ്പോഴും നമുക്ക് കാണാൻ കഴിയുമായിരുന്നു. ഗൃഹസ്ഥാശ്രമസംഘം പ്രവർത്തനങ്ങളിൽ എന്നും ഒരു മാതൃകാ പ്രവർത്തകനായിരുന്നു അദ്ദേഹം. തന്റെ ഇരുചക്ര വാഹനത്തിൽ സകുടുംബം എല്ലായിടത്തും എത്തിചേരും.

പത്തനംതിട്ട തിരുവല്ല ഹരിനിവാസിൽ ദിവംഗതനായ ശിവരാമപിള്ളയുടെയും ചെല്ലമ്മയുടെയും മകനാണ് ശ്രീകുമാർ. ഒരു സഹോദരനുണ്ട്, ഹരികുമാർ. വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ പഠനം കഴിഞ്ഞ് ചങ്ങനാശ്ശേരി എൻ.എസ്.എസ്. ഹിന്ദു കോളേജിൽ നിന്ന് പ്രീഡിഗ്രി കരസ്ഥമാക്കി. പന്തളം എൻഎസ്എസ് പോളിടെക്നിക്കിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ നേടി. കുറച്ചു കാലം നിർമ്മിതികേന്ദ്രയിൽ സബ് എഞ്ചിനീയർ ആയി സേവനം ചെയ്തിരുന്നു. ആ സമയത്ത് അവിടെ ജോലി ചെയ്തിരുന്ന ഉമ എന്ന ഗുരുഭക്തയാണ് ഗുരുവിനെക്കുറിച്ച് ശ്രീകുമാറിനോട് പറഞ്ഞത്. ആദ്യം ചില പ്രതിവാദങ്ങൾ ആയിരുന്നു ഉമയോട് അദ്ദേഹം പറഞ്ഞത്. പിന്നീട് അവർ നൽകിയ മാനവരാശി ഇന്നലെ ഇന്ന് നാളെഎന്ന പുസ്തകത്തിൽ നിന്നാണ് ഗുരുവിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നത്.

1994 ൽ ശ്രീകുമാർ ആശ്രമത്തിലെത്തി ഗുരുവിനെ കണ്ടു. ആ മനസ്സിൽ ഗുരു വലിയ ചലനമായി പരിണമിച്ചു. അദ്ദേഹം സ്ഥിരമായി ആശ്രമത്തിൽ വരാൻ തുടങ്ങി. കുറച്ചു നാൾക്കകം ആശ്രമത്തിൽ സേവനം ചെയ്ത് നിൽക്കാൻ ഭാഗ്യം ലഭിച്ചു. സഹകരണമന്ദിരത്തിന്റെയും താമര പർണശാല യുടെയും നിർമ്മാണ പ്രവർത്തനങ്ങളിൽ വളരെ സജീവമായി പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. രാജ്യമെമ്പാടും വികസിച്ചു കിടക്കുന്ന ആശ്രമം ബ്രാഞ്ചുകളുടെ നിർമ്മാണ പ്രവർത്തനങ്ങളിലും അദ്ദേഹം പങ്കെടുത്തു. ഓപ്പറേഷൻസ്, ആരൂഡ ശുദ്ധി, എസ്റ്റേറ്റ്സ് ആന്റ് അസറ്റ്സ് തുടങ്ങിയ ആശ്രമത്തിന്റെ വിവിധ മേഖലകളിലും യൂണിറ്റുകളിലും നിറഞ്ഞ സാന്നിധ്യമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഭാര്യ ശ്രീജയും ആശ്രമത്തിൽ സേവനം ചെയ്യുകയാണ്. അവർക്കൊരു മകനാണ്, ആദിത്യൻ.

ആശ്രമം നൽകിയ ക്വാർട്ടേഴ്സിലെ പരിമിതമായ സൗകര്യത്തിൽ ആ കുടുംബം ഏറെനാൾ സന്തോഷത്തോടെ കഴിഞ്ഞിരുന്നു. പിന്നീട് ആശ്രമത്തിനു സമീപം കാഞ്ഞാമ്പാറയിൽ ശാന്തിദീപംഎന്ന പേരിൽ ഒരു വീട് നിർമ്മിച്ച് അവിടെ താമസിച്ചുവരികയായിരുന്നു. തന്റെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കാതെ സദാസമയം പ്രവർത്തന നിരതനായിരുന്നു അദ്ദേഹം. കഴിഞ്ഞ മാർച്ച് 3-ാം തീയതി ആ ജീവൻ നമ്മെ വിട്ട് ഗുരുസന്നിധിയിലേക്ക് പോയി. എന്ത് നന്മയാണോ കിട്ടേണ്ടത് അത് ഗുരുവിലൂടെ ലഭിക്കണമേ എന്ന് ഈ അവസരത്തിൽ പ്രാർത്ഥിക്കുന്നു.

സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി
ജനറൽ സെക്രട്ടറി, ശാന്തിഗിരി ആശ്രമം

Related Articles

Back to top button