KeralaLatest

മലപ്പുറത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ അഞ്ചുവയസുകാരി ഗുരുതരാവസ്ഥയില്‍

“Manju”

മലപ്പുറം: അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ അഞ്ചുവയസുകാരി ഗുരുതരാവസ്ഥയില്‍. മലപ്പുറം മൂന്നിയൂർ സ്വദേശിയായ കുട്ടിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലുള്ളത്.
ന്നിയൂരിലെ പുഴയില്‍ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം. ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് കേരളത്തില്‍ ലഭ്യമല്ലെന്നാണ് വിവരം.
എന്താണ് അമീബിക് മസ്തിഷ്ക ജ്വരം
നീഗ്ലേറിയ ഫൗളേറി എന്നാണ് മസ്തിഷ്കജ്വരം ഉണ്ടാക്കുന്ന അമീബയുടെ ശാസ്ത്രീയനാമം. അപൂർവമായി മാത്രമേ ഈ അമീബിക്ക് മസ്തിഷ്കജ്വരം കേരളത്തില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ഇളംചൂടുള്ള ശുദ്ധജലത്തിലാണ് ഇത്തരം അമീബകള്‍ കണ്ടു വരുന്നത്. അതു കൊണ്ടു തന്നെ സ്വിമ്മിംഗ് പൂളുകള്‍, കുളങ്ങള്‍ എന്നിവിടങ്ങളില്‍ ഇവ ഉണ്ടായേക്കാം. ക്ലോറിനേഷൻ മൂലം നശിച്ചുപോകുന്നതിനാല്‍ നന്നായി പരിപാലിക്കപ്പെടുന്ന, ക്ലോറിനേറ്റ് ചെയ്യുന്ന, കൂടെക്കൂടെ വെള്ളം മാറ്റുന്ന സ്വിമ്മിംഗ് പൂളുകളില്‍ ഇവ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഉപ്പുവെള്ളമുള്ള ജലാശയങ്ങളില്‍ ഈ രോഗാണുവിന് നിലനില്‍പില്ലാത്തതുകൊണ്ട് കടലിലും മറ്റും ഇവയെ കണ്ടുവരുന്നില്ല. കുളിക്കുമ്ബോള്‍ വെള്ളം കുടിച്ചത് കൊണ്ട് രോഗകാരിയായ അമീബ ശരീരത്തില്‍ പ്രവേശിക്കില്ല. എന്നാല്‍ ഡൈവ് ചെയ്യുമ്ബോളോ നീന്തുമ്ബോളോ വെള്ളം ശക്തിയായി മൂക്കില്‍ കടന്നാല്‍, അമീബ വെള്ളത്തില്‍ ഉള്ളപക്ഷം, മൂക്കിലെ അസ്ഥികള്‍ക്കിടയിലൂടെയുള്ള നേരിയ വിടവിലൂടെ ഇവ തലച്ചോറിനകത്തെത്തുന്നു. അമീബ ഉള്ള വെള്ളം ഉപയോഗിച്ച്‌ നസ്യം പോലുള്ള ക്രിയകള്‍ നടത്തുന്നതും, തല വെള്ളത്തില്‍ മുക്കി മുഖം കഴുകുന്നതും മറ്റും രോഗത്തിന് കാരണമായേക്കാം.
കുട്ടികളിലും കൗമാരപ്രായക്കാരിലുമാണ് ഇവ പ്രധാനമായും രോഗമുണ്ടാക്കുന്നത്. എന്തെങ്കിലും തരത്തിലുള്ള പ്രതിരോധശക്തിക്കുറവുള്ളതുകൊണ്ടാണോ അപൂർവം ചിലരില്‍ മാത്രം ഈ രോഗമുണ്ടാകുന്നത് എന്നത് ഇതുവരെ വ്യക്തമല്ല. ഈ രോഗം ഒരാളില്‍ നിന്നും വേറൊരാളിലേക്ക് പകരില്ല. ശക്തിയായ പനി, ഛർദ്ദി, തലവേദന, അപസ്മാരം എന്നിവയാണ് ഈ രോഗത്തിൻ്റെ പ്രധാന രോഗലക്ഷണങ്ങള്‍. എല്ലാ മസ്തിഷകജ്വരത്തിലും ലക്ഷണങ്ങള്‍ ഇങ്ങനെയൊക്കെ തന്നെ. രോഗം മൂർഛിക്കുന്നതോടെ രോഗി അബോധാവസ്ഥയിലാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. ഈ രോഗം ഭേദമാക്കാനുള്ള ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങളെ ചികില്‍സിക്കുക എന്നത് കൂടാതെ, രോഗിയുടെ ശ്വാസകോശം, ഹൃദയം എന്നിവയുടെ പ്രവർത്തനം നിലനിർത്തുക, അപസ്മാരം നിയന്ത്രിക്കുക എന്നിവയാണ് ചെയ്യാവുന്നത്. ഈ രോഗത്തിന് മരണസാധ്യത വളരെ ഏറെയാണ്.
അമീബിക് മസ്തിഷ്കജ്വരം തടയുന്നതെങ്ങനെ?
* സ്വിമ്മിംഗ് പൂളുകളിലെ വെള്ളം നിബന്ധനകള്‍ക്കനുസരിച്ച്‌ മാറ്റുക
* പൂളുകളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുക
* നന്നായി പരിപാലിക്കപ്പെടാത്ത സ്വിമ്മിംഗ് പൂളുകള്‍ ഉപയോഗിക്കാതിരിക്കുക
* മൂക്കില്‍ ശക്തമായി വെള്ളം കയറാതിരിക്കാനുള്ള കരുതലോടെ മാത്രം നീന്തല്‍, ഡൈവിംഗ് എന്നിവയ്ക്ക് മുതിരുക
* തല വെള്ളത്തില്‍ മുക്കി വെച്ചു കൊണ്ടുള്ള മുഖം കഴുകല്‍, അതുപോലെയുള്ള മതപരമായ ചടങ്ങുകള്‍ എന്നിവ ഒഴിവാക്കുക.
* നസ്യം പോലുള്ള ചികില്‍സാ രീതികള്‍ ആവശ്യമുണ്ടെങ്കില്‍ അതിന് തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
കടപ്പാട്: ഡോ. മോഹന്‍ദാസ് നായര്‍, ഡോ. നീത ഹുസൈന്‍(ഇന്‍ഫോക്ലിനിക്)

Related Articles

Back to top button