IndiaInternationalLatest

ഞായറാഴ്ച മുതൽ വിദേശ തീർഥാടകരെത്തും; ഹോട്ടലുകളിൽ മൂന്നു ദിവസം ഐസൊലേഷൻ 

“Manju”

മക്ക: വിദേശ രാജ്യങ്ങളിൽനിന്ന് എത്തുന്ന ഉംറ തീർഥാടകർക്ക് മൂന്നു ദിവസം ഹോട്ടലുകളിൽ ഐസൊലേഷൻ നിർബന്ധമാണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. തീർഥാടകർക്കും ഉംറ സർവീസ് കമ്പനികൾക്കും വിദേശ ഏജന്റുമാർക്കും ബാധകമായ വ്യവസ്ഥകൾ പ്രഖ്യാപിച്ചു. അടുത്ത ഞായറാഴ്ച മുതൽ സൗദി അറേബ്യ വിദേശ തീർഥാടകരെ സ്വീകരിച്ചു തുടങ്ങും. ഏഴു മാസം നീണ്ട ഇടവേളക്കു ശേഷമാണ് വിദേശങ്ങളിലുള്ളവർക്ക് ഉംറ കർമം നിർവഹിക്കാൻ അവസരം ലഭിക്കുന്നത്.
തീർഥാടകർക്ക് ബാധകമായ പ്രോട്ടോകോളുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങളും പാക്കേജുകളിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട സേവനങ്ങളും സൗദിയിലെ ഉംറ സർവീസ് കമ്പനികളുടെയും വിദേശങ്ങളിലെ ഏജന്റുമാരുടെയും ഉത്തരവാദിത്തങ്ങളും വിശദീകരിക്കുന്ന സർക്കുലർ ഉംറ കാര്യങ്ങൾക്കുള്ള ഹജ്, ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദുൽ അസീസ് വസാൻ പുറത്തിറക്കി.

18 മുതൽ 50 വയസ്സുവരെ പ്രായമുള്ള വിദേശികൾക്കാണ് ഉംറ നിർവഹിക്കാൻ അനുമതി നൽകുക. കൊറോണ വൈറസ് മുക്തരാണെന്ന് തെളിയിക്കുന്ന പി.സി.ആർ പരിശോധനാ റിപ്പോർട്ട് തീർഥാടകർ നൽകണം. സൗദിയിലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലാണ് പി.സി.ആർ പരിശോധനക്കുള്ള സാമ്പിൾ ശേഖരിക്കേണ്ടത്.
ഇഅ്തമർനാ’ ആപിലെ വ്യവസ്ഥകൾക്ക് അനുസൃതമായി ഉംറ നിർവഹിക്കാനും ഹറമിൽ നമസ്‌കാരങ്ങളിൽ പങ്കെടുക്കാനും മസ്ജിദുന്നബവി സിയാറത്ത് നടത്താനും റൗദ ശരീഫിൽ നമസ്‌കാരം നിർവഹിക്കാനുമുള്ള സമയം മുൻകൂട്ടി ബുക്ക് ചെയ്തിരിക്കണം. അംഗീകരിച്ച പാക്കേജ് അനുസരിച്ച് തീർഥാടകരുടെ പക്കൽ മടക്കയാത്രക്കുള്ള കൺഫേം ടിക്കറ്റ് നിർബന്ധമാണ്.

Related Articles

Back to top button