ഐ.വി ശശിയുടെ സ്മരണാർത്ഥം അവാർഡുകൾ പ്രഖ്യാപിക്കും – ഫസ്റ്റ് ക്ലാപ്പ് ഭാരവാഹികൾ
ഷൈലേഷ്കുമാർ.കൻമനം
കൊച്ചി: മലയാള സിനിമയുടെ ഹിറ്റ്മേക്കർചക്രവർത്തിയായിരുന്ന സംവിധായകൻ ഐ.വി.ശശിയുടെ സ്മരണാർത്ഥം സംവിധാന രംഗത്തുള്ള നവപ്രതിഭകൾക്ക് അവാർഡ് നൽകുമെന്ന് ഫസ്റ്റ് ക്ലാപ്പ് ഭാരവാഹികൾ. അമ്പതിനായിരം രൂപയും കലാസംവിധായകൻ നേമം പുഷ്പരാജ് രൂപകൽപ്പന ചെയ്ത ശിൽപ്പവുമടങ്ങുന്നതായിരിക്കും അവാർഡ്. ഐ.വി.ശശിയുടെ ഓർമ്മ ദിനമായ ഒക്ടോബർ 24 ന് അവാർഡ് പ്രഖ്യാപിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും, നടിയുമായ സീമയെ ചടങ്ങിൽ ആദരിക്കുകയും ചെയ്യും. പുതുസംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിന് ഐ.വി.ശശി ഇന്റർ നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഒക്ടോബറിൽ സംഘടിപ്പിക്കുന്നുവെന്ന് ഭാരവാഹികൾ വ്യക്തമാക്കി. 30 മിനിറ്റിൽ താഴെ ദൈർഘ്യ മുള്ളതും, ഇംഗ്ലീഷ് സബ് ടൈറ്റിലോടു കൂടിയതുമായ വിവിധ ഭാഷാചിത്രങ്ങൾ മേളയിൽ പരിഗണിക്കും. മത്സരചിത്രങ്ങൾ ഫസ്റ്റ് ക്ലാപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം.
ഇന്നലെ നടന്ന വാർത്താ സമ്മേളനത്തിൽ ഫസ്റ്റ്ക്ലാപ്പ് പ്രസിഡന്റ് ജസ്റ്റിൻ തച്ചിൽ, രക്ഷാധികാരി എം.പത്മകുമാർ, ഹാഷിം, ആനന്ദ് ബാൽ എന്നിവർ പങ്കെടുത്തു.