Keralavideo

പ്രത്യാശയുടെ പ്രകാശം പറത്തുന്ന ഈസ്റ്റര്‍ ലോകത്തിന് നന്മ പകരട്ടെ…. ഹൃദയത്തില്‍ തൊട്ട് മുല്ലശ്ശേരിയച്ചന്റെ ആശംസ.

“Manju”
ലോകം മുഴുവന്‍ കൊറോണ വൈറസ് രോഗം പരത്തുന്ന കഷ്ടതയുടെയും, ഭീതിയുടെയും കരിനിഴല്‍ വീണ അന്തരീക്ഷത്തിൽ പ്രതീക്ഷയുടേയും പ്രത്യാശയുടേയും പുത്തൻ ഉണർവ് സ്നേഹമഴയായി പെയ്തിറങ്ങാൻ ഈസ്റ്റന്റെ ദിനം സമാഗതമായിരിക്കുകയാണ്. ഈസ്റ്റര്‍ എന്നാല്‍ ഉയിര്‍പ്പിന്റെ തിരുദിവസമാണ്. പീഢനങ്ങളും കുരിശുമരണവും വരിച്ച ക്രിസ്തുദേവന്റെ ഉയര്‍ത്തെഴുന്നേല്‍പ് ദിനം. വിശ്വാസിയുടെ ജീവിത വഴികളില്‍ ക്രിസ്തുദേവന്റെ ഉത്ഥാനത്തിന്റേയും അനുഭവങ്ങളുടേയും മഹത്വം മനസ്സിലാക്കി സ്വന്തം ജീവിതത്തില്‍ അതിന്റെ ഒരു അംശമെങ്കിലും ഉള്‍ക്കൊണ്ട് പങ്കെടുക എന്ന വലിയ അനുഭവമാണ് ഉദ്ഘോഷിക്കുന്നത്. ഓരോ പീഢാനുഭവവും, ദുഃഖവെള്ളിയും വിശ്വാസിയെ നയിക്കുക പുത്തന്‍ പ്രതീക്ഷയിലേക്കാണ്. കൊറോണ എന്ന മഹാമാരി വേട്ടയാടുന്ന ഈ അവസരത്തില്‍ ദൈവവിശ്വാസത്തിലൂന്നി നിന്ന് മനഃസ്ഥൈര്യവും പ്രകടിപ്പിക്കേണ്ടതാണെന്ന് ഈസ്റ്റര്‍ ആശംസാസന്ദേശത്തില്‍ സി.എം.ഐ. സെന്‍റ് ജോസഫ്സ് പ്രൊവിന്‍സ് തിരുവനന്തപുരം കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ജെയിംസ് മുല്ലശ്ശേരി പറഞ്ഞു.
ദൈവസൃഷ്ടികളായ ഈ പ്രപഞ്ചവും, വസ്തുക്കളും മലിനപ്പെടുമ്പോൾ കൈക്കുമ്പിളില്‍ ഈ ലോകത്തെ നിയന്ത്രിക്കുമെന്ന അഹങ്കാരജല്പനങ്ങള്‍ നടത്തി പടുത്തുയര്‍ത്തുന്നത് പലതും നിമിഷ നേരംകൊണ്ട് ചീട്ടുകൊട്ടാരമായിത്തീരുന്നത് നാം കാണുന്നു. പ്രകൃതി നമുക്കുവേണ്ടി നിര്‍മ്മിച്ച ഹരിതകവചങ്ങൾ, നീരുറവകൾ എല്ലാം കച്ചവടലക്ഷ്യത്തിനായി തകർത്തപ്പോൾ പ്രകൃതിയുടെ താളം തെറ്റിയത് നമ്മളറിഞ്ഞില്ല. ഇപ്പോൾ നാം കാണുന്നത് പ്രകൃതിയുടെ കണ്ണീരാണോ.. ? മനുഷ്യന്റെ എല്ലാ വളര്‍ച്ചകളും ഇപ്പോഴെവിടെയാണ്..? ദൈവകോപമാണോ ഈ കൊറോണ വൈറസിലൂടെ നാം കാണുന്നത്. ഇന്ന് പ്രകൃതി വളരെയധികം നിര്‍മ്മലയാണ്. വായുവും, വെള്ളവും മലിന്യ വിമുക്തമായിക്കാണുന്നു. പ്രകൃതി കൂടുതല്‍ ശുദ്ധമാവുന്നു.
ദൈവം സ്നേഹമാണ്, നന്മയാണ്. ആ സ്നേഹത്തിന്റെ കരുതലായിരുന്നു ക്രിസ്തുവിന്റെ കുരിശുമരണം. എല്ലാ തിന്മയെയും, അന്ധകാരത്തെയും ഉന്മൂലനം ചെയ്ത് അവന്‍ മരണത്തെ പരാജയപ്പെടുത്തി ഉയിര്‍ത്തു. ആകാശത്തിനും, ഭൂമിക്കുമിടയില്‍ മരക്കുരിശില്‍ സ്വയം സമര്‍പ്പിച്ച ക്രിസ്തു മഹത്വത്തിന്റെ രാജാവായിരുന്നുവെന്ന്, മുൾക്കിരീടം കൊടുക്കുകയും,മേലങ്കി വലിച്ചൂരുകയും ചെയ്ത രാജക്കാൻമാർക്ക് മനസ്സിലായില്ല. അവസാനം അവർ തല കുനിച്ചുകൊണ്ട് ദൈവപുത്രനെന്ന് വിളിച്ചു പറഞ്ഞു. അവനെ അടച്ചിടാന്‍ കല്ലറകള്‍ക്കായില്ല. ശവകുടീരത്തിന്‍റെ പാറക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞ് അവന്‍ ഉയിര്‍ത്തെഴുന്നേറ്റു.
“സഹോദരന് വേണ്ടി ജീവന്‍ ബലി കഴിക്കുന്നതിനേക്കാള്‍ വലിയ സ്നേഹം ഇല്ല” എന്ന് പഠിപ്പിച്ചവന്‍ സ്നേഹത്തിന്റെ കരുതലാകാന്‍ നമുക്ക് അവസരം നല്‍കുകയാണ്. ഈ കൊറോണക്കാലം കാരുണ്യത്തിന്റെ കൈത്താങ്ങാകുന്ന എല്ലാവരെയും നമുക്ക് ഓര്‍ക്കാം. നമ്മുടെ ഭരണാധികാരികള്‍, രാഷ്ട്രീയ സാമൂഹിക നായകന്മാര്‍, മതാധികാരികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, നിയമപാലകര്‍ മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരെയും ദൈവതൃക്കരങ്ങളില്‍ സമര്‍പ്പിക്കാം. രോഗാവസ്ഥയില്‍ കഴിയുന്ന എല്ലാവര്‍ക്കും ദൈവം സൗഖ്യം പകരട്ടെ മതങ്ങളുടെ അന്തസത്ത ആഴവും അദ്യശ്യവുമായ വിശ്വാസമാണ് “ലോകാസമസ്താ സുഖിനോ ഭവന്തു” – ലോകത്തിനു മുഴുവന്‍ സുഖം പകരട്ടെ എന്നു ചിന്തിച്ച നിസ്വാര്‍ത്ഥ പ്രതീക്ഷയാണ് അവാച്യമായ സ്നേഹത്തിന്റെ ആര്‍ഷഭാരത സംസ്കാരം.
കൊറോണ വൈറസ് വ്യാപനത്തിന്റെ ദിനങ്ങളില്‍ പ്രതീക്ഷയുടെ തിരിനാളങ്ങളായി, പ്രത്യാശയുടെ സന്ദേശം പകരുന്ന അതിജീവനത്തിന്റെ പ്രതീകമാകട്ടെ ഈ വര്‍ഷത്തെ ഉയിര്‍പ്പ് തിരുനാള്‍. അതിരുകളില്ലാത്ത നമ്മുടെ സഹോദരസ്നേഹം കൊറോണയെന്ന മഹാമാരിക്കെതിരെ ഫലപ്രദമായ ഒരു വാക്സിനായി മാറാന്‍ സ്നേഹമായ ദൈവം നമുക്ക് ശക്തി പകരട്ടെയെന്ന് ഫാദര്‍ മുല്ലശ്ശേരി ആശംസിച്ചു.

Related Articles

Leave a Reply

Back to top button