Kerala
വണ്ടി കിട്ടിക്കഴിഞ്ഞാണ് പൊല്ലാപ്പു കിടക്കുന്നത്.

ഹർഷദ് ലാൽ, കണ്ണൂർ
പൂട്ടല്‍ ലംഘനത്തിന് പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ ഉടമകള്‍ക്ക് തിരികെ ലഭിക്കുമെങ്കിലും കേസ് നടപടികള്‍ തുടരും. ഒരു മാസം മുതല്‍ മൂന്നു കൊല്ലം വരെ തടവുശിക്ഷ ലഭിക്കാവുന്ന വിവിധ വകുപ്പുകളാണ് കേസില്‍ ചുമത്തുന്നത്. ഐ.പി.സി. ആക്ടും കേരള പോലീസ് ആക്ടും പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സും പ്രകാരമാകും നടപടികള്‍.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ 23,000ത്തോളം വാഹനങ്ങളാണ് സംസ്ഥാനത്തൊട്ടാകെ ഇതുവരെ പോലീസ് പിടിച്ചെടുത്തത്. ആദ്യ ഘട്ടത്തില്‍ വാഹനങ്ങളുടെ എണ്ണം കുറഞ്ഞതിനാല്‍ പോലീസ് സ്റ്റേഷനുകളില്‍ത്തന്നെ സൂക്ഷിക്കുകയായിരുന്നു. വാഹനങ്ങള്‍ അധികമായതോടെയാണ് പോലീസ് മറ്റു സാധ്യതകളിലേക്കു തിരിഞ്ഞത്.
വാഹനങ്ങള്‍ തിരികെക്കിട്ടുന്നത് ഇങ്ങനെ
തിങ്കളാഴ്ച മുതല്‍ പോലീസ് അറിയിക്കുന്ന മുറയ്ക്ക്് ഉടമയ്ക്ക് സ്റ്റേഷനിലെത്തി നിര്‍ദിഷ്ട ഉദ്യോഗസ്ഥന്‍ മുമ്പാകെ സത്യവാങ്മൂലം സമര്‍പ്പിച്ച് വാഹനം തിരികെ കൊണ്ടുപോകാം.
ആദ്യം പിടിച്ചെടുത്ത വാഹനങ്ങള്‍ ആദ്യം എന്ന ക്രമത്തില്‍ പോലീസ് എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാക്കാമെന്ന കരാറിലായിരിക്കും വാഹനങ്ങള്‍ വിട്ടുനല്‍കുക.
ഇപ്പോഴത്തെ വകുപ്പും ശിക്ഷയും
ഐ.പി.സി. 188 ഈ വകുപ്പു പ്രകാരം ഒരു മാസം തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. ഈ നിയമപ്രകാരം പോലീസിന്റെ ഉത്തരവ് ലംഘിച്ചതിലൂടെ മറ്റൊരാള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുകയാണെങ്കില്‍ ആറുമാസത്തെ തടവുവരെ ലഭിക്കാം.
ഐ.പി.സി. 269 ഈ വകുപ്പുപ്രകാരം ആറുമാസത്തെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാം.
കേരള പോലീസ് ആക്ട് 118(ഇ) മൂന്നുവര്‍ഷം വരെ തടവോ 10,000 രൂപവരെ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.
കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് 4(2)(എഫ്),5 കളക്ടറുടെ ഉത്തരവു പ്രകാരമുള്ള വിലക്ക് ലംഘിച്ചാല്‍ രണ്ടുവര്‍ഷം വരെ തടവോ 10,000 രൂപവരെ പിഴയോ ലഭിക്കാം.
ഇനി പിടിച്ചാല്‍ രക്ഷയില്ല
വിട്ടുകൊടുക്കുന്ന വാഹനങ്ങള്‍ വീണ്ടും പിടിയിലായാല്‍ വകുപ്പ് മാറുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇപ്പോള്‍ പിടിയിലായവര്‍ക്കു ചുമത്തിയിരിക്കുന്നതെല്ലാം ജാമ്യം കിട്ടുന്ന വകുപ്പുകളാണ്.
വിട്ടുനല്‍കുന്ന വാഹനങ്ങളുമായി വീണ്ടും പിടിയിലായാല്‍ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമായിരിക്കും കേസ്.
ആ ഘട്ടത്തില്‍ ഇപ്പോഴത്തെ വകുപ്പുകള്‍ മാറ്റി കൂടുതല്‍ ശക്തമായ വകുപ്പുകള്‍ ചുമത്താനാണ് പോലീസ് ഒരുങ്ങുന്നത്.