ഗോഹട്ടി: കോവിഡ് 19 ആസാമിലും സ്ഥിരീകരിച്ച സാഹചര്യത്തിൽ ബൊഹാഗ് ബിഹു ആഘോഷങ്ങൾ ആസ്സാം ഗവൺമെൻറ് വേണ്ടെന്നുവച്ചു.
April 14 നാണ് ആസാമിൽ പുതുവർഷം ആരംഭിക്കുന്നത്. ഏഴുദിവസം നീണ്ടുനിൽക്കുന്ന വലിയ ആഘോഷ പരിപാടികളാണ് എല്ലാവർഷവും നടത്തിവരുന്നത്.
ആസാം ജനത നാട്ടിലേയും വീട്ടിലേയും മുതിർന്നവർക്ക് ഗമുസ എന്നറിയപ്പെടുന്ന പൊന്നാടയണിയിച്ചും ,ജാപ്പി എന്ന പേരുള്ള പരമ്പരാഗതമായ തൊപ്പി നൽകിയും എല്ലാവർക്കും സുഖവും സമൃദ്ധിയും ഉണ്ടാവട്ടെ എന്ന് ആശംസിച്ചുമാണ് ബൊഹാഗ് ബിഹുവിനെ വരവേൽക്കുന്നത്.
ബൊഹാഗ് ബിഹു ആഘോഷങ്ങൾ വേണ്ടെന്നു വച്ചപ്പോൾ അസ്സമിലെ ഗമുസ നെയ്ത്ത് തൊഴിലാളികളും, ജാപി നിർമ്മാണ തൊഴിലാളികളും ആണ് പ്രതിസന്ധിയിൽ ആയിരിക്കുന്നത്.
ആസാമിൽ ഏകദേശം 12 ലക്ഷത്തോളം ഗമുസ നെയ്ത്ത് തൊഴിലാളികളും, ഇരുപത്തി അയ്യായിരത്തോളം ജാപി നിർമാണ തൊഴിലാളികളും ഉണ്ട്.
ബിഹുവിനെ മുന്നിൽകണ്ട് ഇവർ നിർമ്മിച്ച ഗമുസയും ജാപിയും മാർക്കറ്റ് തുറക്കാത്തതിനാൽ വിറ്റഴിക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല.ആയതിനാൽ ഈ മേഖലയിൽ ജോലി ചെയ്യുന്നവരുടെ ജീവിതം ഇപ്പോൾ ദുരിതപൂർണമായിരിക്കുകയാണ്.