അഞ്ച് ദിവസത്തിനുള്ളില്‍ സമ്പര്‍ക്കത്തിലൂടെ 10 പേര്‍ക്ക് കൊറോണ; കാരണം ചെറിയൊരു ജാഗ്രതക്കുറവാണെന്ന് കലക്ടർ ടി.വി സുഭാഷ്

മനോജ് എം
കണ്ണൂർ : ജില്ലയില്‍ ഒരാഴ്ച മുമ്പു വരെ വിദേശ നാടുകളില്‍ നിന്നെത്തിയവരിലായിരുന്നു കൊറോണ ബാധ കണ്ടെത്തിയിരുന്നത്. എന്നാല്‍ ഏപ്രില്‍ 5ന് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ചെറുവാഞ്ചേരി സ്വദേശി 81കാരനായിരുന്നു പരിശോധനയില്‍ വൈറസ് ബാധ കണ്ടെത്തിയത്.
എന്നാല്‍ അഞ്ചു ദിവസം പിന്നിടുമ്പൊഴേക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവരുടെ എണ്ണം 10 ആയി ഉയര്‍ന്നിരിക്കുന്നു.
ഇവരില്‍ ഒരാള്‍ക്കൊഴികെ രോഗം പകര്‍ന്നിരിക്കുന്നത് സ്വന്തം വീടുകളില്‍ വെച്ചാണ് എന്നതാണ് ഏറെ സങ്കടകരം. ഒരു വീട്ടിലെ എട്ടു പേര്‍ക്കും വൈറസ്ബാധയുണ്ടായി. ഗള്‍ഫില്‍ നിന്നെത്തിയ കുട്ടിയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് മറ്റുള്ളവരും കൊറോണ ബാധിതരായത്. കുട്ടി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതിന് മുമ്പ് തന്നെ വീട്ടിലുള്ള 81കാരന്‍ രോഗബാധിതനായി എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
നമുക്കെവിടെയാണ് പാളിച്ച പറ്റിയത്? വിദേശത്തു നിന്നു വന്ന കുട്ടിയെ ശരിയായ രീതിയില്‍ ഹോം ക്വാറന്റൈനിലിരുത്തുന്നതില്‍ മുതിര്‍ന്നവര്‍ പരാജയപ്പെട്ടുവെന്നു വേണം കരുതാന്‍. കുട്ടിയെ ഒറ്റയ്ക്ക് ഒരു മുറിയില്‍ ഇരുത്തുന്നതിനു പകരം, ഏറെ കാലത്തിനു ശേഷം നാട്ടിലെത്തിയ കുട്ടിയോടുള്ള സ്‌നേഹവാല്‍സല്യം വേണ്ടുവോളം പ്രകടിപ്പിച്ചുകാണും വീട്ടിലെ മറ്റുള്ളവര്‍. മാര്‍ച്ച് 15നാണ് 11കാരന്‍ 13കാരനായ സഹോദരനും മാതാവിനുമൊപ്പം ഷാര്‍ജയില്‍ നിന്ന് കരിപ്പൂരിലെത്തിയത്. മാതാവിന്റെ രണ്ടു സഹോദരങ്ങള്‍ ഇവരെ കാറില്‍ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു.
ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് വിമാനത്താവളത്തില്‍ നിന്നും നാട്ടിലെത്തിയ ശേഷവും ആരോഗ്യപ്രവര്‍ത്തകര്‍ ഇവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ രോഗലക്ഷണങ്ങളൊന്നും ഇല്ലല്ലോ എന്നു കരുതിയാവണം, കുട്ടികള്‍ ഉള്‍പ്പെടെ വീടിനു പുറത്തിറങ്ങിയതായാണ് വിവരം. ഒരാളില്‍ വൈറസ് പ്രവേശിച്ച് 28 ദിവസം വരെ രോഗലക്ഷണങ്ങള്‍ കണ്ടില്ലെന്നു വരാമെന്ന മുന്നറിയിപ്പുകളും ഇവിടെ അവഗണിക്കപ്പെട്ടു. നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരുന്നുവെങ്കില്‍ വീട്ടിലെ മറ്റ് ഏഴു പേര്‍ക്ക് രോഗബാധ ഒഴിവാക്കാമായിരുന്നു എന്നതാണ് സത്യം.
കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ ആളുകളും ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയാണ് ഇനി ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം. വൈകുന്നതിനനുസരിച്ച് രോഗവ്യാപന സാധ്യതയും കൂടും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ സൂക്ഷ്മതയോടെ പാലിക്കണമെന്ന് വീണ്ടും അഭ്യര്‍ഥിക്കുന്നു. അല്ലാത്തപക്ഷം, ലോക്ഡൗണ്‍ കാലത്ത് പതിനായിരങ്ങള്‍ വീടുകളില്‍ അടച്ചുപൂട്ടിക്കിടക്കുന്നതും ജില്ലാ ഭരണകൂടവും ആരോഗ്യ പ്രവര്‍ത്തകരും പോലിസുമൊക്കെ രാപ്പകല്‍ ഭേദമന്യേ കഷ്ടപ്പെടുന്നതുമെല്ലാം വെറുതെയാവും.