
എസ് സേതുനാഥ് മലയാലപ്പുഴ
തിരുവനന്തപുരം: ‘ഹലോ… പത്തനംതിട്ടയിലെ മറിയാമ്മ ചേട്ടത്തിയല്ലേ… ഞാന്‍ ശൈലജ ടീച്ചറാ, ആരോഗ്യ വകുപ്പ് മന്ത്രി. എന്തൊക്കെയാ വിശേഷം. മരുന്നൊക്കെ കൃത്യമായി കഴിക്കുന്നുണ്ടോ. മരുന്നോ മറ്റെന്തെങ്കിലും ആവശ്യമോ ഉണ്ടെങ്കില്‍ ആശാവര്‍ക്കര്‍മാരെ അറിയിച്ചാല്‍ മതി…’ ഒറ്റയ്ക്കല്ല ഒപ്പമുണ്ട് എന്ന പരിപാടിയുടെ ഭാഗമായി ഒറ്റപ്പെട്ടുകഴിയുന്ന വയോജനങ്ങളുടെ ക്ഷേമമന്വേഷിച്ചുള്ള ആദ്യ കോളായിരുന്നു ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വിളിച്ചത്.
സംസ്ഥാനത്തുള്ള വയോജനങ്ങളെ ഫോണ്‍വഴി വിളിച്ച് ക്ഷേമമന്വേഷിച്ച് മതിയായ സഹായം ചെയ്യുന്ന ആരോഗ്യ വകുപ്പിന്റെ പദ്ധതിയാണിത്. ലോക് ഡൗണ്‍ കാലയളവില്‍ വിശ്രമത്തിലുള്ള വിവിധ മേഖലയില്‍ നിന്നുള്ള പ്രമുഖരുള്‍പ്പെടെയുള്ളവരാണ് ഇവരുടെ ക്ഷേമമന്വേഷിച്ച് വിളിച്ച് പരിഹാരം കാണുന്നത്. രണ്ടര ലക്ഷത്തോളമുള്ള ഒറ്റപ്പെട്ട് കഴിയുന്ന വയോജനങ്ങളുടെ നമ്പരുകള്‍ ഇ-ഹെല്‍ത്തില്‍ നിന്നും ശേഖരിച്ചിട്ടുണ്ട്. ഇത് വിഭജിച്ച് പ്രമുഖ വ്യക്തികള്‍ക്കും സോഷ്യോ സൈക്കോ കൗണ്‍സിലര്‍മാര്‍ക്കും നല്‍കിയാണ് ഫോണ്‍ വിളിച്ച് ഇടപെടലുകള്‍ നടത്തുന്നത്.