IndiaLatest

കൊറോണ ഭേദമായവരില്‍ മ്യൂക്കോര്‍ മൈക്കോസിസ് വര്‍ദ്ധിക്കുന്നു

“Manju”

ന്യൂഡല്‍ഹി: കൊറോണ ഭേദമായവരില്‍ ഫംഗസ് അണുബാധയായ മ്യൂക്കോര്‍ മൈക്കോസിസ് വര്‍ദ്ധിക്കുന്നുവെന്ന് കണ്ടെത്തല്‍. മഹാരാഷ്ട്രയില്‍ ഇതുമൂലം എട്ട് പേര്‍ മരിച്ചു. 200 പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലുള്ളതായാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലും ഡല്‍ഹിയിലും ഈ ഫംഗസ് ബാധ പടരുന്നുണ്ട്. പ്രമേഹ രോഗികളെ ഫംഗസ് വളരെ വേഗം ബാധിയ്ക്കും.

മ്യൂക്കോര്‍ എന്ന ഫംഗസാണ് രോഗബാധയ്ക്ക് കാരണമാകുന്നത്. കൊറോണ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സ്റ്റിറോയിഡുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ചില മരുന്നുകള്‍ പ്രതിരോധ ശേഷിയെ ബാധിയ്ക്കും. ഇതാണ് കൊറോണ ഭേദമായവരെ ഈ ഫംഗസ് ബാധിയ്ക്കാന്‍ കാരണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന്റെ മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്‌ ഡയറക്‌ട്രേറ്റ് മേധാവി ഡോ. തത്യറാവ് ലഹാനെ പറഞ്ഞു.

പനി, തലവേദന, കണ്ണിനു താഴെയുള്ള വേദന, സൈനസ്, മൂക്കൊലിപ്പ് തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. കൊറോണയുടെ ഒന്നാം തരംഗത്തിനെക്കാള്‍ വ്യാപകമാണ് ഇത്തവണ മ്യൂക്കോര്‍ മൈക്കോസിസ് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ആഴ്ചകള്‍ക്ക് മുന്‍പ് കൊറോണ രോഗമുക്തരായ ഒട്ടേറെ പേര്‍ക്ക് ഫംഗസ് ബാധയേറ്റെന്ന് ഗുജറാത്ത് സൂറത്തിലെ കിരണ്‍ സൂപ്പര്‍ മള്‍ട്ടിസ്‌പെഷ്യലിറ്റി ആശുപത്രിയിലെ ഡോക്ടറായ മിഥുന്‍ സവാനി പറഞ്ഞു. ഇത്തരത്തില്‍ 60 പേര്‍ നിലവില്‍ ചികിത്സയിലുണ്ടെന്നും ഇവരില്‍ പലര്‍ക്കും കാഴ്ച ഭാഗീകമായി നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

 

Related Articles

Check Also
Close
Back to top button