പരീക്ഷകള്‍ ഇനി ഓണ്‍ലൈനായി

സുരേഷ് കുമാർ ,വടകര
വടകര: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് വിദ്യാര്‍ഥികള്‍ എല്ലാം വീട്ടിലിരിക്കെ കോളജ് ഓഫ് എഞ്ചിനിയറിങ് വടകരയില്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ തിങ്കളാഴ്ച ആരംഭിച്ചു.
ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 20 മാര്‍ക്കിനുള്ള പരീക്ഷയാണ് ഓണ്‍ലൈനായി നടത്തുന്നത്. ലോക്ക് ഡൗണ്‍ കാലത്തുള്ള മൂന്നാഴ്ചകളിലായി സിലബസ് പ്രകാരമുള്ള മൊഡ്യൂളുകള്‍,ലക്ചര്‍ നോട്ട്, പി.പി.ടി., വീഡിയോ ലക്ചര്‍ എന്നിവ വാട്‌സ് ആപ്, ഇ മെയില്‍, കോളജില്‍ ഉപയോഗിക്കുന്ന കാംപസ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ സിസ്റ്റം (സി.എം.എസ്) എന്നീ മാര്‍ഗത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് അതാത് അധ്യാപകര്‍ അയച്ചു കൊടുത്തിരുന്നു.
അതു സംബന്ധിച്ചുള്ള മൂല്യനിര്‍ണയ പരീക്ഷയാണ് കോളജില്‍ ആരംഭിച്ചത്.
ഓരോ ദിവസവും ഉച്ച കഴിഞ്ഞ് രണ്ടു മുതല്‍ മൂന്ന് മണി വരെയാണ് പരീക്ഷ. ഇതിനായി ഓരോ ക്ലാസിലും ആറ് വീതം വാട്‌സ് ആപ് ഗ്രൂപ്പുകള്‍ രൂപീകരിച്ചിരുന്നു. ഉത്തരക്കടലാസുകള്‍ ഉടന്‍ തന്നെ വിദ്യാര്‍ഥികള്‍ ഇ മെയിലിലോ വാട്‌സ് ആപ് മാര്‍ഗമോ അധ്യാപകര്‍ക്ക് അയച്ചു കൊടുക്കണമെന്നാണ് നിര്‍ദ്ദേശം. ഇന്നലെ നടന്ന പരീക്ഷയ്ക്ക് എല്ലാ വിദ്യാര്‍ഥികളും പങ്കെടുത്തതായി അധ്യാപകര്‍ അറിയിച്ചു.
കെയ്പ്പിന്റെയും കേരള ടെക്‌നോളജിക്കല്‍ യൂനിവേഴ്‌സിറ്റിയുടെയും (കെ.ടി.യു) നിര്‍ദ്ദേശാനുസരണം കോളജ് പ്രിന്‍സിപ്പല്‍, വകുപ്പ് തലവന്മാര്‍, ട്യൂട്ടര്‍മാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് പാഠ്യഭാഗങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചു കൊടുത്തത്. തുടര്‍ന്നുള്ള പരീക്ഷകളും ഇതേ രീതിയില്‍ നടക്കുമെന്നും പ്രിന്‍സിപ്പല്‍ ഡോ.സി ശ്രീകാന്ത് അറിയിച്ചു.
ലോക്ക് ഡൗണ്‍ ഇനിയും നീളുന്ന സാഹചര്യത്തില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ (ടി.സി.എസ്) ഐ ഓണ്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ ടൈം ടേബിള്‍ പ്രകാരം അടുത്തയാഴ്ച മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായും പ്രിന്‍സിപ്പല്‍ അറിയിച്ചു.